എറണാകുളം: എറണാകുളത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ടിഎച്ച് മുസ്തഫ (82) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയും രണ്ടു പതിറ്റാണ്ടിലധികം കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്നു മുൻ കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ടി എച്ച് മുസ്തഫ. 52 വർഷം തുടർച്ചയായി പെരുമ്പാവൂർ ടൗൺ മുസ്ലിം പള്ളി പ്രസിസന്റ് ആയിരുന്നു
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ടി എച്ച് മുസ്തഫ . യൂത്ത് കോൺഗ്രസ് വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1977-ൽ ആദ്യമായി ആലുവയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു1982,1987,1991,2001 വർഷങ്ങളിൽ കുന്നത്ത്നാട്ടിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-1995 ലെ ഒൻപതാം കേരള നിയമസഭയിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 1996-ൽ വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.പി. വർഗീസിനോട് പരാജയപ്പെട്ടു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുകാരനായ എം.പി. വർഗീസിനെ തോൽപ്പിച്ച് വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് നിയമസഭാംഗമായി.