തൃശ്ശൂർ :ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ മഹാജനസഭാ സമ്മേളനം ഇന്ന് വൈകിട്ട് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമാകും സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായുള്ള വിളംബര ജാഥയും ഇന്നലെ തൃശ്ശൂർ നഗരത്തിൽ നടത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരില്‍ രണ്ടുവട്ടം വന്നുപോയ പശ്ചാത്തലത്തില്‍ ഇന്ന് തൃശ്ശൂരില്‍ നടക്കുന്ന മഹാജന സഭ കോണ്‍ഗ്രസിന്റെ സംഘടനാ സ്വാധീനം വിളിച്ചുപറയുന്ന ചടങ്ങായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റായ തൃശ്ശൂരില്‍ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി ബിജെപി ശക്തമായ നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനെ തന്നെ തൃശ്ശൂരില്‍ എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തൃശ്ശൂരിലെത്തുന്നത്.
തൃശ്ശൂരിൽ പ്രധാന മത്സരം താനും സുരേഷ് ഗോപിയും ആണെന്ന തരത്തിലുള്ള ടി എൻ പ്രതാപൻ എംപിയുടെ പ്രസ്താവന കോൺഗ്രസിനുള്ളിൽ വിവാദം സൃഷ്ടിച്ചിരുന്നു. ടി എം പ്രതാപനെ തള്ളി തൃശൂർ ഡിസിസി തന്നെ പിന്നീട് രംഗത്ത് വരികയും ചെയ്തിരുന്നു. മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നായിരുന്നു ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂർ പ്രതികരിച്ചിരുന്നത്.