കോൺ​ഗ്രസ് നേതാക്കൾ പൊലീസിനെ ആക്രമിച്ചു, മാധ്യമപ്രവർത്തകരെ കല്ലെറിഞ്ഞു; ഡിജിപി ഓഫീസ് മാർച്ചിൽ എഫ്ഐആർ

Breaking Kerala

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിനിടെ നേതാക്കൾ പൊലീസിനെ ആക്രമിച്ചതായി എഫ്ഐആർ. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് രണ്ടാം പ്രതി. ജെബി മേത്തർ എംപിയാണ് മൂന്നാം പ്രതി.
ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, പാലോട് രവി എന്നിവരടക്കമുള്ള നേതാക്കളും പ്രതികളാണ്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ഔദ്യോ​ഗിക കൃത്യ നിർവഹണം തടസപ്പെടുത്തി. വാഹനങ്ങൾ അടിച്ചു തകർത്തു. മാധ്യമ പ്രവർത്തകർക്കു നേരെ കല്ലെറിഞ്ഞു. വ്യാപകമായി പൊതുമുതൽ നശിപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
കണ്ടാലറിയുന്ന 500 പേർക്കെതിരെയും കേസുണ്ട്. പൊതുമുതൽ നശിപ്പിച്ച വകുപ്പും ചുമത്തിയിട്ടുണ്ട്. മ്യൂസിയം പൊലീസാണ് ജാമ്യമില്ലാ കേസെടുത്തത്.
പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിക്കുന്നതിനിടെ ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരികെ കല്ലെറിഞ്ഞു.
ഇതോടെ നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍ ഉള്‍പ്പെടെ നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേതുടര്‍ന്ന് സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *