ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് കോഴികളെ ചുട്ടു; പണി കിട്ടി പ്രമുഖ യൂട്യൂബർ

Breaking Entertainment Kerala

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് 48 കോഴികളെ കമ്പിയിൽ കോർത്ത് ചുട്ടെടുത്ത വീഡിയോ പോസ്റ്റ് ചെയ്ത പ്രമുഖ യൂടൂബർക്ക് എതിരെ പരാതി. യൂട്യൂബർ ആയ ജിയോ മച്ചാന് എതിരെയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ജിതിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ ഒന്നൊന്നായി കമ്പിയിൽ കോർത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ‘സ്വാതന്ത്രക്കോഴി ചുട്ടത്’ എന്ന അടികുറിപ്പോടു കൂടിയാണ് യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തത്. കോഴികളില്‍ മൂന്ന് നിറങ്ങളിലുള്ള മസാല തേച്ചു പിടിപ്പിക്കുകയും തുടര്‍ന്ന് അവയെ ചുട്ടെടുത്ത് കഴിക്കുകയും ചെയ്യുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ലക്ഷകണക്കിന് ആളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിങ് പട്ടികയിലും ഈ വീഡിയോ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നൽകുന്നതെന്നും പരാതിക്കാരന്‍ പറയുന്നു.

അതേസമയം സംഭവത്തിൽ പരാതി ലഭിച്ചതായും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ സൈബല്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും പൊലീസ് വ്യക്തമാക്കി. എന്നാൽ ഇത്തരത്തിലുള്ള പരാതികള്‍ അനാവശ്യമാണെന്നും ഇങ്ങനെയാണെങ്കില്‍ പതാകയുടെ നിറത്തിലുള്ള കേക്ക് പോലും കഴിക്കാനാവില്ലല്ലോ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *