കുമരകം : കായൽ യാത്രയിൽ അല്പം പുസ്തക വായന!! ഒപ്പം മൊബൈലിന് അല്പം വിശ്രമവും. ജലഗാതാഗത വകുപ്പിന്റെ കുമരകം – മുഹമ്മ ജലപാതയിലെ ബോട്ട് സർവ്വീസിലാണ് മിനി ലൈബ്രറി ഒരുക്കിയിരിക്കുന്നത്. 40 മിനുറ്റുകള് നീളുന്ന കായല്യാത്രയില് ഫേസ് ബുക്കും, വാട്ട്സാപ്പും തീര്ക്കുന്ന മാസ്മരികതയില് സമയം തീര്ക്കുന്ന യാത്രക്കാര്ക്ക് വായനയുടെ അനുഭൂതി പകര്ന്നു നല്കുകയാണ് ഒഴുകുന്ന പുസ്തകശാല. ബോട്ടില് സജ്ജീകരിച്ചിരിക്കുന്ന അലമാരയില് നിന്നും ഇഷ്ടമുള്ള പുസ്തകം യാത്രക്കാര്ക്ക് വായിക്കാന് എടുക്കാം. മറുകരയെത്തുമ്പോള് പുസ്തകം തിരികെ അലമാരയില് വച്ചാല് മതിയാകും. നവബറിൽ എസ് 52-ാം ബോട്ടിലാണ് ആദ്യമായി പുസ്തകങ്ങൾ ഒരുക്കിയത്. പിന്നാലെ എസ് – 55-ാം നമ്പർ ബോട്ടിലും വായനാ സൗകര്യം എത്തിയത്.
ജലഗതാഗത വകുപ്പും കോട്ടയം സി.എം.എസ് കോളേജിലെ എൻ.എസ്.എസ് (നാഷണല് സര്വീസ് സ്കീം) വിദ്യാർത്ഥികളും സംയുക്തമായാണ് പുസ്തകശാല സജ്ജീകരിച്ചത്.
സംസ്ഥാനത്തെ ഏറ്റവും ദൈര്ഘ്യമേറിയ ഇടതടവില്ലാത്ത ജലപാതയായ മുഹമ്മ കുമരകം സര്വ്വീസില് രാവിലെ 5.45 മുതല് വിദ്യാര്ത്ഥികളുടെയും ഉദ്യോഗാര്ത്ഥികളുടെയും തിരക്കാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക 12.30 ന് നടന്ന ഒഴുകുന്ന പുസ്തകശാലയുടെ ഉദ്ഘാടനം സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗ്ഗീസ് .സി.ജോഷ്വാ നിർവഹിച്ചു. മുഹമ്മ സ്റ്റേഷൻമാസ്റ്റർ ഷാനവാസ് ഖാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.അർച്ചന , സോണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
കായൽ യാത്രയിൽ വായനാ സൗകര്യമൊരുക്കി ജലഗതാഗത വകുപ്പും CMS കോളജ് വിദ്യാർത്ഥികളും
