മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്

Breaking Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച്‌ കാർ യാത്രികരായ 5 പേർക്ക് പരിക്കേറ്റു.എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്. കാർ യാത്രികരായ അഞ്ച്‌പേരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമില്ല.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിലായിട്ടാണ് ആംബുലൻസ് പോയിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനവും ഒപ്പം ഉണ്ടായിരുന്ന പൊലീസ് വാഹനങ്ങളും കടന്ന് പോയതിന് ശേഷം ഈ വാഹനം അല്‍പം പിന്നിലായി പോയിരുന്നു. വാഹന വ്യൂഹത്തില്‍ എത്താനുള്ള പരിശ്രമത്തിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് മെഡിക്കല്‍ ആംബുലൻസും അനുഗമിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വ്യൂഹത്തില്‍ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്‌കോർട്ട് ഒന്ന്, എസ്‌കോർട്ട് രണ്ട്, ആംബുലൻസ്, സ്‌പെയർവണ്ടി, സ്‌ട്രൈക്കർ ഫോഴ്‌സ് എന്നിവയാണ് ഉണ്ടാകുക. സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വാൻസ് പൈലറ്റ് നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ വാഹനവ്യൂഹത്തോടൊപ്പം 25 അംഗ ക്വിക്ക് ആക്ഷൻ ടീമും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇതില്‍ ഏഴ് പേർ ആയുധധാരികളായിരിക്കും. മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും അഗ്‌നിശമന സേനയും മെഡിക്കല്‍ സംഘവും ഉണ്ടാകും.

ജില്ലകളില്‍ എസ്‌പിമാരാണ് മുഖ്യമന്ത്രിക്കും മറ്റു വിഐപികള്‍ക്കും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലുള്ളത് കേരള പൊലീസിന്റെ കമാൻഡോകളാണ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കമാൻഡോകളുള്‍പ്പെടെ 50 ഉദ്യോഗസ്ഥർ വരെയുണ്ടാകും. സുരക്ഷാ ഭീഷണി ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളില്‍ നൂറു മീറ്റർ അകലത്തില്‍ പൊലീസുകാരെ വിന്യസിക്കും.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലെ സുരക്ഷാ നിയന്ത്രണം എസ്‌പിക്ക് ആയിരിക്കും. എത്ര പൊലീസുകാരെ വിന്യസിക്കണമെന്ന് എസ്‌പിയാണ് തീരുമാനിക്കുന്നത്. ജില്ലയിലെ ഓരോ സ്റ്റേഷനില്‍നിന്നും ഉദ്യോഗസ്ഥരെ ഈ സംഘത്തിലേക്കു വിന്യസിക്കും. മുഖ്യമന്ത്രി എത്തുന്നതിന് ഒരു മണിക്കൂർ മുൻപ് ചടങ്ങു നടക്കുന്ന സ്ഥലം പൊലീസിന്റെ നിയന്ത്രണത്തിലാക്കണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. സെഡ് പ്ലസ് സുരക്ഷയുള്ള ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരില്‍ ചിലർ എൻഎസ്ജി (ദേശീയ സുരക്ഷാ ഗാർഡ്) സുരക്ഷ ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മുഖ്യമന്ത്രിമാർ ഈ സുരക്ഷ ഉപയോഗിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *