കോഴിക്കോട് വീണ്ടും നിപ വന്നതിന്റെ കാരണം; പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

Breaking Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ ഭീഷണി പൂർണമായി ഒഴിഞ്ഞു എന്നു പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ പേരിലേക്ക് നിപ്പ രോഗം പടർന്നിട്ടില്ലെന്നും വ്യാപനം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യസംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കുന്നു. 994 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 304പേരുടെ സാംപിൾ ശേഖരിച്ചു. 267 പേരുടെ പരിശോധനാഫലം ലഭിച്ചു. 6 പേർ പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ 9 പേർ നിരീക്ഷണത്തിലുണ്ട്.

2018നും, 19നും സമാനമായ കാര്യങ്ങളാണ് ഇത്തവണയും കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാംപിൾ ശേഖരിച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല. എന്തുകൊണ്ട് വീണ്ടും കോഴിക്കോട് നിപ്പ ബാധയുണ്ടായി എന്ന് ഐസിഎംആറും വ്യക്തമാക്കുന്നില്ല. സംസ്ഥാനം ഇക്കാര്യത്തിൽ പഠനം നടത്തും. ഐസിഎംആറിന്റെ പഠന റിപ്പോർട്ട് കേരളത്തിന് ലഭ്യമാകും. വിദഗ്ധസമിതിയുടെ ശുപാർശ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിലെ കടകൾ തുറക്കുന്നത് വൈകിട്ട് 5 മണി വരെ എന്നത് രാത്രി 8 മണിവരെ ആക്കിയിട്ടുണ്ട്. സമയം പരിഷ്ക്കരിക്കുന്നത് 22ന് വീണ്ടും ചർച്ച ചെയ്തശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏഴു മാസമായി മാധ്യമങ്ങളെ കാണാതിരുന്നതിൽ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യങ്ങളെ ഭയപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ വേണ്ട എന്നു വച്ചാൽ താൻ ഇന്ന് വാർത്താ സമ്മേളനത്തിനു വരുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശബ്ദത്തിന് ചില പ്രശ്നങ്ങൾ വന്നതും വാർത്താ സമ്മേളനത്തിനു പ്രശ്നമായെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *