തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ഗവർണ്ണറുടെ ഒപ്പു കാത്തിരിക്കുന്നത് 8 ബില്ലുകളാണെന്നും മൂന്ന് ബില്ലുകൾ അയച്ചിട്ട് ഒരു വർഷവും 10 മാസവും ആയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷത്തിൽ കൂടുതലായ മൂന്ന് ബില്ലുകളുണ്ട്. നിയമസഭ ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസാക്കുന്നത്. ഗവർണർ സ്വീകരിച്ച സമീപനം കാരണമാണ് ബിൽ നിയമമാകാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബിൽ ഒപ്പിടുന്നതിൽ കാലതാമസമുണ്ടാക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. വിശദീകരണം നൽകിയിട്ടും അദ്ദേഹം ഒപ്പിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനം അനിശ്ചിതത്വത്തിലാവുകയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിയമപരമായ മാർഗങ്ങൾ തേടാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനാകില്ല. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.