തിരുവനന്തപുരം: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് ഭാരതം എന്നാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയ്ക്കും രാജ്യത്തിനും തന്നെ എതിരായ നടപടിയാണ് ഇന്ത്യ എന്ന പദം ഒഴിവാക്കുന്നതിന് പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
‘ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തില്‍, നമ്മുടെ രാജ്യത്തെ ‘India, that is Bharat’ (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ ‘ആമുഖം’ തുടങ്ങുന്നത് ‘We, the people of India’ എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കള്‍ക്കുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാന്‍ തയ്യാറാവണം.
ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് ‘ഇന്ത്യ’ എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തില്‍, നമ്മുടെ രാജ്യത്തെ ‘India, that is Bharat’ (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ ‘ആമുഖം’ തുടങ്ങുന്നത് ‘We, the people of India’ എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കള്‍ക്കുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്.
ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ പഠിച്ചുവളരുന്ന ‘ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്’ എന്ന രാജ്യചിന്തയെപോലും മനസ്സുകളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാന്‍.
ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂട. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാല്‍ രാജ്യത്തിന്റെ പേര് മാറ്റാനുള്ള നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം.