വീണ വിജയന്റെ കമ്പനി പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനായില്ല

Breaking Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്ബനിയായ എക്‌സാലോജിക്ക് സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയത് സംബന്ധിച്ചുള്ള ഇടപാടില്‍ ദുരൂഹത വ്യക്തമാക്കി രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ നിര്‍ണായക റിപ്പോര്‍ട്ട്.സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ലെന്നാണ് ബെംഗളൂരു ആര്‍ഒസി കണ്ടെത്തി. അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ടില്‍ പറയുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിരോധം പൊളിഞ്ഞെന്നും പുറത്തു വന്നത് നിര്‍ണായക വിവരങ്ങളാണെന്നും മാത്യു കുഴല്‍നാടൻ എംഎല്‍എ പ്രതികരിച്ചു.

സര്‍ക്കാര്‍ ഓഹരിയുള്ള കമ്ബനിയാണ് സിഎംആര്‍എല്‍. കമ്ബനീസ് ആക്‌ട് പ്രകാരം, റിലേറ്റഡ് പാര്‍ട്ടിയുമായി ഇടപാട് നത്തുമ്ബോള്‍ അത് ബോര്‍ഡിനെ അറിയിക്കണം. ഇവിടെ മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുമായുള്ള ഇടപാട് സിഎംആര്‍എല്‍ ബോര്‍ഡിനെ അറിയിച്ചിരുന്നില്ല. ഇത് സെക്ഷൻ 188ന്റെ ലംഘനമാണ്. കമ്ബനീസ് ആക്‌ട് 2013 പ്രകാരം, കമ്ബനികാര്യ ഇടപാടുകളില്‍ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷൻ 447, രേഖകളില്‍ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷൻ 448, എന്നീ വകുപ്പുകള്‍ പ്രകാരം എക്‌സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. തടവും പിഴശിക്ഷവും കിട്ടാവുന്ന വകുപ്പുകളാണിത്. കൂടുതല്‍ അന്വേഷണത്തിനായി എക്‌സാലോജിക്കിന്റെയും സിഎംആര്‍എല്ലിന്റെയും കണക്ക് പുസ്തകങ്ങള്‍ പരിശോധിക്കണമെന്നാണ് കണ്ടെത്തല്‍.

വാങ്ങിയ പണത്തിന് ജി എസ് ടി അടച്ചെന്ന വിവരം മാത്രമാണ് എക്‌സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം എക്‌സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കോര്‍പ്പറേറ്റ് അഫേയേഴ്‌സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ആര്‍ഒസി റിപ്പോര്‍ട്ടാണ്. ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സോഫ്റ്റ് വെയര്‍ സര്‍വീസ് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ പരസ്യം നല്‍കിയതിന്റെയോ ഇടപാടിന് മുമ്ബോ, ശേഷമോ സിഎംആര്‍എല്ലോ, എക്‌സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന് രേഖകള്‍ സമര്‍പ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാര്‍ ഓഫ് കമ്ബനീസ് നടത്തിയ അന്വേഷണത്തില്‍ എക്‌സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാടിനെ പറ്റി പറയുന്നത്. കരാര്‍ പോലും എക്‌സാലോജിക്കിനോ, സിഎംആര്‍എല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കിട്ടിയ പണത്തിന് ജി എസ് ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരൂ ആര്‍ഒസിക്ക് നല്‍കിയ മറുപടിയില്‍ എക്‌സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആര്‍ഒസിയുടെ കണ്ടെത്തല്‍.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍, വിശദ അന്വേഷണം വേണമെന്നാണ് ആര്‍ഒസിയുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേറ്റ് അഫേയേഴ്‌സ് മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. നല്‍കാത്ത സേവനത്തിനാണ് എക്‌സാലോജിക്ക് പണം കൈപ്പറ്റിയതെന്ന ആദായനികുതി ഇന്റ്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിലെ കണ്ടെത്തലുകള്‍ തന്നെയാണ് ആര്‍ഒസി റിപ്പോര്‍ട്ടിലുമുള്ളത്.എക്‌സാലോജിക്കിന്റെ ഭാഗം കേള്‍ക്കാതെയാണ് ഇന്റ്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിട്ടത് എന്നായിരുന്നു തുടക്കം മുതല്‍ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും പ്രധാന വാദം. എന്നാല്‍ ആര്‍ഒസി വിശദാംശങ്ങള്‍ തേടിയിട്ടും എക്‌സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ലെന്നതാണ് ബെംഗളൂരു ആര്‍ഒസിയുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *