സത്യസന്ധവും ജനാധിപത്യപരവുമായ മാധ്യമപ്രവർത്തനത്തിന് കെ ജെ യു മാതൃകയാകണം: സി കെ ആശ എംഎൽഎ

Kerala Local News

വൈക്കം : സത്യസന്ധവും ജനാധിപത്യപരവുമായ മാധ്യമ പ്രവർത്തനം മാത്രമേ ജനങ്ങൾക്ക് ഗുണകരമാകൂ , അതിന് കേരള ജേർണലിസ്റ്റ് യൂണിയൻ മാതൃകയായി മാറണമെന്ന് സി കെ ആശ എംഎൽഎ പറഞ്ഞു. കോട്ടയം ജില്ലാ പ്രവർത്തക യോഗവും കെ ജെ യു സ്ഥാപക നേതാവും സംസ്ഥാന പ്രസിഡണ്ടുമായ യു. വിക്രമൻ അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ , പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രയത്നിച്ചത് യു വിക്രമൻ ആണെന്നും മാധ്യമപ്രവർത്തകരുടെ യഥാർത്ഥ പ്രശ്നങ്ങൾ അദ്ദേഹം പറഞ്ഞുതന്നത് കൊണ്ടാണ് നിയമസഭയിൽ ക്ഷേമനിധി സംബന്ധിച്ച് സംസാരിക്കുവാൻ തനിക്ക് സാധിച്ചതെന്നും എംഎൽഎ അനുസ്മരിച്ചു.

വിശദമായി പഠിക്കാതെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന തെറ്റായ പ്രവണത സമൂഹമാധ്യമങ്ങളിൽ കടന്നുകൂടിയിരിക്കുകയാണ് , ഏറ്റവും ആദ്യം വാർത്ത ബ്രേക്ക് ചെയ്യുക എന്ന കാഴ്ചപ്പാടിന് മാറ്റം ഉണ്ടാവണം .ഏതൊരു സംഭവവും ജനങ്ങൾ അറിയേണ്ടതു തന്നെയാണ് എന്നാൽ ജനങ്ങളെ അറിയിക്കേണ്ടത് സത്യസന്ധമായ വാർത്തയുടെ വസ്തുതകൾ ആയിരിക്കണം . നാടിന്റെ ഓരോ സ്പന്ദനവും അറിയുന്നത് അവിടുത്തെ പ്രാദേശിക ലേഖകർ തന്നെയാണ്.അവർ തന്നെയാണ് മാധ്യമങ്ങളെ പിടിച്ചുനിർത്തുന്നത് . സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർ പ്രാദേശിക വാർത്തകളുടെ കാര്യത്തിൽ സമൂഹത്തിന് മാതൃകയായി മാറട്ടെയെന്നും സി.കെ ആശ എം.എൽ.എ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കുടമാളൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾക്ക് സേവന ശ്രേഷ്ഠ പുരസ്കാരം എം എൽ എ നൽകി. മാധ്യമപ്രവർത്തന രംഗത്തെ സത്യസന്ധമായ ജീവിതം കാഴ്ചവെച്ച സണ്ണി ചെറിയാൻ , ജനങ്ങളുടെ കഷ്ടതകൾ അറിഞ്ഞ് സഹകരണ മേഖലയിൽ പ്രവർത്തിച്ച വിശിഷ്ട വ്യക്തിത്വം എം ജെ ജോർജ് , മാതൃക അധ്യാപനം ,മികച്ച പ്രഭാഷക എന്ന നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. ഇന്ദു കെ എസ് എന്നിവർക്കാണ് സമ്മേളനം സേവന ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചത്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഈ പ്രതിഭകളെ ആദരിക്കണമെന്ന് പലതവണ തീരുമാനം എടുത്തെങ്കിലും നടന്നിരുന്നില്ല. ഇത്ര കൃത്യമായി ആദരവിന് അർഹരായവരെ ചുരുങ്ങിയ സമയത്തിൽ കണ്ടെത്തി സേവന ശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ച കേരള ജേർണലിസ്റ്റ് യൂണിയൻ മാധ്യമപ്രവർത്തനരംഗത്തെ അവരുടെ സത്യസന്ധതയാണ് തുറന്നു കാട്ടിയതെന്ന് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ ചെള്ളാങ്കൽ അഭിപ്രായപ്പെട്ടു.

നവമാധ്യമങ്ങൾ നാടിന്റെ ഗതി തെറ്റായ രീതിയിൽ തിരിച്ചുവിടുന്നത് ഏറെ ആശങ്ക ഉളവാക്കുന്ന ഒന്നാണ്. അതിൽ നിന്ന് വ്യത്യസ്തമായി ചിട്ടയായ രീതിയിൽ സത്യസന്ധമായ മാധ്യമപ്രവർത്തനത്തിന് ജേർണലിസ്റ്റ് യൂണിയന് സാധിക്കട്ടെ എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ ആശംസിച്ചു. രാഷ്ട്രീയത്തിനപ്പുറം ഭരണാധികാരികൾ ചെയ്യുന്ന പ്രവർത്തിയുടെ നന്മകൾ തിരിച്ചറിഞ്ഞു വേണം വാർത്തകൾ എഴുതേണ്ടതെന്നും ആ വാർത്തകൾക്കായിരിക്കും ജനങ്ങൾ സ്വീകാര്യത നൽകുകയെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ജി ബിജു കുമാർ പറഞ്ഞു.

ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡണ്ട് ജി പ്രഭാകരൻ , കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ കെ സുരേന്ദ്രൻ , സംസ്ഥാന സെക്രട്ടറി പി ഷണ്മുഖൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ കെ ജെ യു അംഗങ്ങൾ തങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച പ്രസിഡന്റിന്റെ ഓർമ്മകൾ സമ്മേളനത്തിൽ പങ്കുവെച്ചു. കെ ജെ യു ജില്ലാ നേതാക്കളായ ജോസി തുമ്പാനത്ത്, വർഗീസ് സക്കറിയ , കെ.എസ് സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
കെ ജെ യു വൈക്കം കൺവീനർ ആർട്സ് സൺ പൊതി സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി എസ് ഡി റാം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *