സിനിമാ തിയേറ്ററുകള്‍ക്ക് സർവീസ് ചാർജ് ഈടാക്കാൻ ഒരുങ്ങി സർക്കാർ

Breaking Kerala

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ക്ക് സർവീസ് ചാർജ് ഈടാക്കാൻ സർക്കാർഒരുങ്ങുന്നതായി റിപ്പോർട്ട്. തിയേറ്ററുകളുടെ ലൈസൻസും രജിസ്ട്രേഷനും പുതുക്കുന്ന സമയത്ത് സർവീസ് ചാർജ് ഈടാക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമിയെ സർക്കാർ ചുമതലപ്പെടുത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.അതേസമയം സീറ്റുകളുടെ എണ്ണം കണക്കിലെടുത്ത് ഒരു സ്ക്രീനിന് 5000 മുതല്‍ 10,000 രൂപവരെയാണ് വാർഷിക പുതുക്കല്‍ നിരക്ക്. ഇതിനൊപ്പം ഇനി 5 മുതല്‍ 8.5 ശതമാനം വരെ സർവീസ് ചാർജ് ഈടാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഈ തുക അവശത അനുഭവിക്കുന്ന കലാപ്രവര്‍ത്തകരുടെ ചികിത്സാ സഹായത്തിന് ഉപയോഗിക്കാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.എന്നാൽ നിലവില്‍ അവശത അനുഭവിക്കുന്ന കലാപ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് ടിക്കറ്റൊന്നിന് 3 രൂപാവീതം തിയേറ്ററുകള്‍ പ്രേക്ഷകരില്‍ നിന്ന് പിരിച്ച്‌ നല്‍കുന്നുണ്ടെന്ന് ഉടമകള്‍ പറയുന്നു. ഇതിന് പുറമെ 400 സീറ്റുകളില്‍ കൂടുതലുള്ള തിയേറ്ററുകള്‍ വാർഷിക ഫീസായി 30,000 രൂപ ചലച്ചിത്ര വികസന കോർപറേഷനും 25,000 രൂപ ചലച്ചിത്ര അക്കാദമിക്കും നല്‍കുന്നുണ്ട്. ചെറിയ തിയേറ്ററുകള്‍ യഥാക്രമം 25,000, 10,000 രൂപ വീതവും നല്‍കുന്നുണ്ട്.അതേസമയം നഷ്ടത്തിലോടുന്ന തിയേറ്റർ വ്യവസായത്തെ വലിയ തകർച്ചയിലേക്ക് നയിക്കുന്ന തീരുമാനമാണിതെന്നും ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും സംഘടന വ്യക്തമാക്കുന്നു. ഇനിയും പിഴിയാനാണ് തീരുമാനമെങ്കില്‍ തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *