ക്രിസ്മസ് വിരുന്നൊരുക്കാൻ പ്രധാനമന്ത്രി : ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും

Breaking National

ദില്ലി: പ്രധാനമന്ത്രിയുടെ വസതിയില്‍ നാളെ ക്രിസ്തുമസ് ആഘോഷം. നാളെ 12.30നാണ് മോദി വിരുന്നൊരുക്കുന്നത്. മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും.പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം 21ന് തുടങ്ങിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കുകയാണ് സ്നേഹയാത്രയിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

കൊച്ചിയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ സ്നേഹയാത്രക്ക് തുടക്കമിട്ടത്. ഈ മാസം 31 വരെ പത്ത് ദിവസങ്ങളിലാണ് ബിജെപിയുടെ സ്നേഹയാത്ര. ക്രൈസ്തവ വോട്ടര്‍മാരിലേക്കുള്ള പാലമാണ് ഇതിലൂടെ ബിജെപി തുറന്നിടുന്നത്. ലോക്സഭ തെരെഞ്ഞെടുപ്പിനിടയിലുള്ള കുറഞ്ഞ സമയത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനായാല്‍ മധ്യ തിരുവിതാംകൂറില്‍ അടക്കം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ നേട്ടമാണ് ബിജെപി കണക്കുകൂട്ടുന്നത്.

കഴിഞ്ഞ ഈസ്റ്ററിനും വീടുകളിലെത്തി മധുരം നല്‍കി ബിജെപി ഇത്തരം ശ്രമം നടത്തിയിരുന്നു. സ്നേഹയാത്രയില്‍ വീടുകളിലത്തുമ്ബോള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ വിശദീകരിച്ചും ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്‍റെ ഉന്നമനത്തിന് വേണ്ടി സ്വീകരിച്ച നടപടികള്‍ അവതരിപ്പിച്ചും വിശ്വാസികളുമായി കൂടുതല്‍ അടുക്കാനാവുമെന്നാണ് ബി ജെ പി നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ സ്നേഹയാത്രയോടുള്ള പ്രതികരണമെന്താണെന്ന് വ്യക്തമാക്കാൻ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി തയ്യാറായില്ല. മാത്രവുമല്ല കെ സുരേന്ദ്രന്‍റെ സന്ദര്‍ശനവും കൂടിക്കാഴ്ച്ചയും ദൃശ്യങ്ങളെടുക്കാനും സഭ നേതൃത്വം മാധ്യമങ്ങളെ അനുവദിച്ചിരുന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *