കൊച്ചി: ചോറ്റാനിക്കര മകം തൊഴൽ ഇന്ന് (ഫെബ്രുവരി 24 ശനിയാഴ്ച). പുലർച്ചെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകൾക്ക് തുടക്കമായിട്ടുണ്ട്.
ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മകം ദർശനത്തിനായി നട തുറക്കുക. ഉച്ചയ്‌ക്ക് ഒന്ന് മുതൽ മൂന്നുവരെ സ്പെഷ്യൽ നാദസ്വരം. രാത്രി 10.30 വരെ ഭക്തർക്ക് മകം തൊഴാൻ സമയം ക്രമീകരിച്ചിട്ടുണ്ട്.
ഒന്നര ലക്ഷത്തിലധികം ഭക്തർ ഇത്തവണ മകം ദർശിക്കാനെത്തുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിലെത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
മകം ദർശിക്കാനെത്തുന്ന ഭക്തർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചോറ്റാനിക്കരയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചോറ്റാനിക്കര സ്കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബീമാ ഗ്രൗണ്ട് ചോറ്റാനിക്കര പെട്രോൾ പമ്പിന് മുൻവശത്തെ ഗ്രൗണ്ട് എന്നിവടങ്ങളിലും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും.ഉത്സവത്തോട് അനുബന്ധിച്ച് 25ന് പൂരവും 26ന് ഉത്രം ആറാട്ടും നടക്കും.27ന് രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.