പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ചിന്താ ജെറോം. ദുൽഖറിന്റെ നായികയായി അഭിനയിക്കണമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ചിന്താ ജെറോം പറഞ്ഞു.
“എനിക്ക് ദുഖറിന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മമ്മൂക്കയെ അറിയാം. പക്ഷേ ദുൽഖറിനെ നേരിട്ട് കണ്ടിട്ടില്ല. ദുൽഖറിന്റെ നായിക ആവണമെന്നല്ല ഉദ്ദേശിച്ചത് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണം എന്നാണ്. സണ്ണി വെയ്ൻ എന്റെ അടുത്ത സുഹൃത്താണ്. സണ്ണിയുടെ അടുത്ത ഫ്രണ്ട് ആണല്ലോ ദുൽഖർ, ആ വഴിക്കും എളുപ്പമാണ്”, ചിന്ത പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ചിന്തിയുടെ പ്രതികരണം.
തനിക്ക് പ്രിയപ്പെട്ട നായികമാരെ കുറിച്ചും ചിന്താ ജെറോം സംസാരിച്ചു. “ഓരോ ഘട്ടത്തിലും ഓരോ നായികമാരെയാണ് എനിക്ക് ഇഷ്ടം. ശോഭനയെ വളരെയധികം ഇഷ്ടമായിരുന്നു. മഞ്ജു വാര്യരെ ഇഷ്ടമാണ്. നിഖില വിമലിനെ ഇഷ്ടമാണ്. റീമ, പാവർവതിയെ ഒക്കെ ഇഷ്ടമാണ്. നിഖില അഭിമുഖങ്ങളിൽ ഒക്കെ സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമാണ്. ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ട്”, എന്നും ചിന്ത പറയുന്നു. ടൊവിനോ യൂത്ത് കമ്മീഷന്റെ യൂത്ത് ഐക്കൺ ആയിരുന്നു്. അതിന് മുൻപ് പൃഥ്വിരാജ് ആയിരുന്നു, ഇപ്പോൾ ആസിഫ് അലിയാണ്. ഇവരുമായി നല്ല സൗഹൃദവും സുഹൃദ് ബന്ധവും ഉണ്ടെന്നും ചിന്ത കൂട്ടിച്ചേർത്തു.
അതേസമയം, ‘കിംഗ് ഓഫ് കൊത്ത’ ആണ് ദുല്‍ഖറിന്‍റേതായി റിലീസിനൊരുങ്ങുന്ന മലയാള സിനിമ. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നു. ഷബീർ കല്ലറക്കൽ,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ,വാടാ ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളില്‍ എത്തും.