സിമന്റും നാരങ്ങയും ഉപയോഗിച്ച് പരമ്ബരാഗതമായി കാൻസറിനെ ചികിത്സിച്ച് മാറ്റാമെന്ന് പറഞ്ഞ് തട്ടിപ്പ്. ചൈനയിലെ സ്വയം പ്രഖ്യാപിത ട്യൂമര്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം.കാൻസര്‍ കോശങ്ങളെ ഇല്ലാതാക്കാൻ താൻ കണ്ടത്തിയ പുതിയ ചികിത്സാ രീതിയാണിതെന്നും സ്ഥാപിച്ചായിരുന്നു വ്യാജ ഡോക്ടറുടെ തട്ടിപ്പ്. 200,000 യുവാൻ (22.76 ലക്ഷം) രൂപയാണ് ചികിത്സയുടെ പേരില്‍ ഇയാള്‍ തട്ടിയത്.
2021 ലാണ് വാങ് എന്ന യുവതിയുടെ അമ്മയ്ക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. തുടര്‍ന്നാണ് ചികിത്സയ്ക്കായി യു എന്ന വ്യക്തിയുടെ പക്കലെത്തുന്നത്. ചൈനയിലെ പരമ്ബരാഗത വൈദ്യനാണ് താനെന്നും കാൻസര്‍ ചികിത്സാരംഗത്തെ വിദഗ്ധനാണ് എന്നുമൊക്കെയാണ് ഇയാള്‍ പറഞ്ഞിരുന്നത്.
ആറ് തവണയാണ് ചികിത്സയ്ക്കായി പോയത്. തുടക്കത്തില്‍ കഴിക്കാനുള്ള മരുന്നുകളാണ് നല്‍കിയിരുന്നത്. ഇതിനു പുറമേ സ്തനത്തില്‍ ഇഞ്ചക്ഷൻ വെക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കൂടാതെ സിമന്റും നാരങ്ങയും മിക്‌സ് ചെയ്ത് കക്ഷത്തില്‍ വെക്കാൻ ആവശ്യപ്പെട്ടതായും വാങ് പറയുന്നു. ഇങ്ങനെ ചെയ്താല്‍ കാൻസര്‍ മുഴകള്‍ ചുരുങ്ങുമെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ വ്രണം കൂടുതല്‍ ഗുരുതരമാവുകയാണ് ചെയ്തത്.
ഈ വര്‍ഷം ഏപ്രിലിലോടെ വാങ്ങിന്റെ അമ്മയുടെ നില കൂടുതല്‍ വഷളാകുകയും കാൻസര്‍ ശരീരം മുഴുവൻ പടരുകയും ചെയ്തതായി വാങ് പറഞ്ഞു. തുടര്‍ന്ന് മേയ് മാസത്തോടെ അമ്മ മരിച്ചു. ഇതോടെയാണ് ഇതു തട്ടിപ്പായിരുന്നു എന്ന് വാങ്ങിനും കുടുംബത്തിനും മനസിലായത്. തങ്ങള്‍ക്ക് സംഭവിച്ചത് ഇനി ആര്‍ക്കും സംഭവിക്കരുതെന്ന് കരുതിയാണ് ഈ വിവരം പുറത്തു വിടുന്നതെന്നും കുടുംബം പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറും സ്ഥാപനവും വ്യാജമാണെന്നും കണ്ടെത്തി. വ്യാജ ഡോക്ടറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു