കുട്ടികൾക്ക് വൈകല്യപരിശോധനയും മാതാപിതാക്കൾക്ക് പരിശീലനവുമായി ‘ചിറക് ‘

Kerala

കൊച്ചി: കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചാനിരക്ക് പരിശോധിക്കാൻ സൗജന്യപദ്ധതി സംഘടിപ്പിക്കുന്നു. “ചിറക്” എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജനുവരി 19 മുതൽ 21 വരെ കൊച്ചി കലൂരിലുള്ള ഗോകുലം പാർക്കിലാണ് നടക്കുന്നത്. രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ പരിശീലനവും നൽകും. ഓൾ ഇന്ത്യ ഒക്ക്യൂപ്പേഷണൽ തെറാപ്പി അസോസിയേഷനും (എ.ഐ.ഒ.ടി.എ) കേരള ഒക്ക്യൂപ്പേഷണൽ തെറാപ്പി അസോസിയേഷനും (കെ.ഒ.ടി.എ) സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനുമായി ചേർന്നാണ് നടത്തിപ്പ്. ഓൾ ഇന്ത്യ ഒക്ക്യൂപ്പേഷണൽ തെറാപ്പി അസോസിയേഷന്റെ അറുപത്തിയൊന്നാം ദേശീയ സമ്മേളനമായ ഓടികോൺ 2024 ന്റെ ഒപ്പമാണ് ഈ പരിശീലന പരിപാടി നടത്തുന്നത്.

ശിശുരോഗ വിദഗ്ധർ, ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റുകൾ, സ്പീച് തെറാപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, പ്രത്യേക വിദ്യാഭ്യാസ വിദഗ്ധർ എന്നിവർ “ചിറകി”ൽ പങ്കെടുക്കുന്ന കുട്ടികളെ വിശദമായി പരിശോധിക്കും. കൂടുതൽ പരിശോധനകളോ വിശകലനമോ ആവശ്യമുള്ള കുട്ടികൾക്ക് ഒരു വർഷത്തേക്ക് ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റിന്റെ സേവനം സൗജന്യമായി നൽകും. ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി, പഠനവൈകല്യങ്ങൾ എന്നിവയെ കുറിച്ച് വിദഗ്ദ്ധർ ക്‌ളാസുകൾ നയിക്കും. മാതാപിതാക്കൾക്ക് വ്യക്തിഗത പരിശീലനം നൽകും. കുട്ടികളെ പരിചരിക്കുന്നവർക്കും അധ്യാപകർക്കും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജനുവരി 10 ന് മുൻപ് 8848542174 അല്ലെങ്കിൽ 8921852188 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *