ഷിക്കാഗോ: ഷിക്കാഗോ ഡേ കെയര്‍ ബാത്ത്റൂമില്‍ രണ്ട് നവജാത ശിശുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞുങ്ങളുടെ മൃതദേഹം ഡേ കെയറിലെ കുളിമുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നഗരത്തിന്റെ നോര്‍ത്ത് സൈഡിലെ സമീപപ്രദേശമായ സ്ട്രീറ്റര്വില്ലിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മണിയോടെ സംഭവം അറിയിച്ചുള്ള ഫോണ്‍സന്ദേശം ലഭിച്ചതായി ഷിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഉടനടി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.
കുളിമുറിയില്‍ രണ്ട് നവജാത ശിശുക്കളെ ചലനമില്ലാതെ കണ്ടെത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു. രണ്ട് നവജാതശിശുക്കളെയും ലൂറി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു.
കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഷിക്കാഗോ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.