ആലപ്പുഴ: ചേർത്തലയില്‍ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചതായി റിപ്പോർട്ട്. പട്ടണക്കാട് സ്വദേശിനി ആരതിയാണ് (32) മരിച്ചത്. ചേർത്തല ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെ 9.50ഓടെയായിരുന്നു യുവതിയെ ഭർത്താവ് ശ്യാംജിത്ത് (42) പെട്രോളൊഴിച്ച് കത്തിച്ചത്.
കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് പുറത്തു വരുന്ന വിവരം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ആരതി ജോലി ചെയ്‌തിരുന്നത്. രാവിലെ സ്കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞ് നിർത്തിയ ശ്യാംജിത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
അതേസമയം ആക്രമണത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും മാസങ്ങളായി അകന്നുകഴിയുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു. ശ്യാംജിത്ത് പല തവണ ആരതിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും സഹോദരൻ പ്രതികരിച്ചു.