തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന പരിശോധന നടത്തിയതിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പാലില്‍ മായം ചേര്‍ക്കല്‍ കുറഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ 24 മുതല്‍ 28 വരെ 5 ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്.
പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ 653 സാമ്ബിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. പരിശോധനകളില്‍ ഒന്നിലും തന്നെ രാസ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ കൃത്യമായ ഇടപെടലിന്റെ ഫലം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി. കുമളി, പാറശ്ശാല, ആര്യൻകാവ് , മീനാക്ഷിപുരം, വാളയാര്‍ ചെക്ക്പോസ്റ്റുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയത്. ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന.
മുഴുവൻ സമയവും ഉദ്യോഗസ്ഥരുടെ സേവനം ചെക്ക്പോസ്റ്റുകളില്‍ ഉണ്ടായിരുന്നു. 646 സര്‍വൈലൻസ് സാമ്ബിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. ഏഴ് സ്റ്റാറ്റ്യൂട്ടറി സാമ്ബിളുകളും ശേഖരിച്ചു. സര്‍വൈലൻസ് സാമ്ബിളുകള്‍ എല്ലാം തന്നെ മൊബൈല്‍ ലാബുകളില്‍ പരിശോധിച്ചു. സ്റ്റാറ്റ്യൂട്ടറി സാമ്ബിളുകള്‍ വകുപ്പിന്റെ എൻ.എ.ബി.എല്‍ ലാബില്‍ വിശദ പരിശോധനക്കായി കൈമാറുകയാണ് ചെയ്തത്. പച്ചക്കറികളുടെ 48 സാമ്ബിളുകളും മറ്റ് ഭക്ഷ്യ വസ്തുക്കളുടെ 37 സാമ്ബിളുകളും പരിശോധനക്കായി ശേഖരിച്ചു. കൃത്യമായ രേഖകളില്ലാതെയെത്തിയ 33 വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.