കോട്ടയം: മണ്‍മറഞ്ഞുപോയ തന്റെ പിതാവിനെ വിവാദത്തില്‍ ഉള്‍പ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ചാണ്ടി ഉമ്മന്‍.
ഉമ്മന്‍ ചാണ്ടിയെ പുണ്യാളനായി ചിത്രീകരിക്കുന്നതിനെതിരെ നിയമനടപടിക്കു പോകുമെന്ന സിപിഎം പ്രഖ്യാപനത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
പിതാവിന്റെ മരണാനന്തര ചടങ്ങു പോലും ഇതുവരെ തീര്‍ന്നിട്ടില്ല. അദ്ദേഹത്തെക്കുറ്റിച്ച് ഒന്ന് ഓര്‍ക്കാന്‍പോലും ഇതുവരെ സമയം കിട്ടിയിട്ടില്ല. പിതാവിനെക്കുറിച്ച് ആര് എന്തു പറഞ്ഞാലും പ്രതികരിക്കാനില്ല. അദ്ദേഹത്തെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നു മാത്രമാണ് അഭ്യര്‍ഥനയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ നിബുവിനെ പരിഗണിച്ചിരുന്നതായി തനിക്കും കേട്ടറിവു മാത്രമേയുള്ളൂവെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ഥിയായി അനില്‍ ആന്റണി എത്തിയേക്കുമെന്ന പ്രചാരണത്തെക്കുറിച്ച് സൂചിപ്പിച്ചെങ്കിലും, ചാണ്ടി ഉമ്മന്‍ പ്രതികരിക്കാതെ മടങ്ങി.
‘ഇവിടെ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യം നിങ്ങള്‍ക്കറിയാം. എന്റെ പിതാവിന്റെ ചടങ്ങു പോലും തീര്‍ന്നിട്ടില്ല. സത്യം പറഞ്ഞാല്‍ അദ്ദേഹത്തെപ്പറ്റി ഒന്ന് ഓര്‍ക്കാന്‍ പോലും എനിക്ക് സമയം കിട്ടിയിട്ടില്ല. അതുകൊണ്ട്, ഞാന്‍ ഒരു വിവാദത്തിനുമില്ല. ആര് എന്തു പറഞ്ഞാലും ഞങ്ങള്‍ക്ക് ആരോടും യാതൊരു പ്രശ്‌നവുമില്ല. എന്റെ പിതാവ് എന്നെ സംബന്ധിച്ച് ആരാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനെതിരായ പ്രചാരണങ്ങളില്‍ ആരോടും ഒന്നും പറയാനില്ല. ദയവു ചെയ്ത് വിവാദമാക്കരുതെന്ന അഭ്യര്‍ഥനയാണ് എനിക്കുള്ളത്. മണ്‍പറഞ്ഞുപോയ ഒരാളെ അങ്ങനെയൊരു വിവാദത്തില്‍ ഉള്‍പ്പെടുത്തരുത്’- ചാണ്ടി ഉമ്മന്‍ പറഞ്ഞു.