തിരുവനന്തപുരം: പുതുപ്പള്ളിയുടെ എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ചോദ്യോത്തര വേളക്ക് ശേഷം നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ നടന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിനു കോൺഗ്രസ് നേതാവ് വി എം സുധീരൻ എത്തിയിരുന്നു. മറിയാമ്മ ഉമ്മനും മകൾ മറിയവും ഗാലറിയിൽ ഇരുന്ന് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്‍ഞ ചടങ്ങിന് സാക്ഷികളായി. രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലും പാളയം പള്ളിയിലും സന്ദർശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്‍ജെഡി എംഎല്‍എ കെ പി മോഹനന് നല്‍കിയിരുന്നു.
ഉമ്മന്‍ചാണ്ടിയാണ് തന്റെ ചാലകശക്തിയെന്ന് ചാണ്ടി ഉമ്മന്‍ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ ഇല്ലാത്ത ഒരു ദിവസം ഇല്ല. അദ്ദേഹം തന്നെ സംബന്ധിച്ച് മരിക്കുന്നില്ല. ഇവിടുത്തെ വികസനം ഉറപ്പാക്കുന്നതിനുള്ള ചാലകശക്തിയാണ് അപ്പ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ‘എന്റെ ഉത്തരവാദിത്തം വളരെ അധികം വര്‍ധിച്ചു. ഈ ദിവസം അദ്ദേഹം കൂടെ ഉണ്ടാവണം എന്നായിരുന്നു എന്റെ ആഗ്രഹം. അദ്ദേഹം ഇല്ലായെന്നതാണ് വേദന ഉളവാക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പിലുടനീളം അദ്ദേഹം കൂടെ ഉണ്ടായിരുന്നു.’ ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.