സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്. ഇത്തവണ സില്‍ക്കാവാന്‍ ചന്ദ്രിക രവി. ‘സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്’ എന്ന് പേരിട്ടിരിക്കുന്ന ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം ആരംഭിക്കും. സിൽക്ക് സ്മിതയുടെ കരിയറിൽ അവർ നേരിട്ട വെല്ലുവിളികളും ഉയർച്ച താഴ്ചകളും ചിത്രം ചർച്ച ചെയ്യും.
ഡിസംബര്‍ രണ്ടിന് സ്മിതയുടെ ജന്മദിനത്തിൽ നിർമാതാക്കളായ എസ്ടിആര്‍ഐ സിനിമാസ് ചിത്രത്തിന്റെ പ്രഖ്യാപനവും ഒരു അന്നൗൺസ്‌മെന്റ് വീഡിയോയും പുറത്തിറക്കി. എസ്.ബി. വിജയ് അമൃതരാജ് നിര്‍മിക്കുന്ന ചിത്രം ജയറാം ശങ്കരന്‍ സംവിധാനം ചെയ്യുന്നു. അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സിൽക്കായി ഇത്തവണ സ്‌ക്രീനിൽ എത്തുക.
1980 കളിലും 1990 കളിലും തെന്നിന്ത്യൻ ചലച്ചിത്രലോകം അടക്കിവാണ ഇതിഹാസ നടിയാണ് സിൽക്ക് സ്മിത. 17 വർഷത്തിനിടയിൽ 450-ലധികം സിനിമകളിൽ പ്രത്യക്ഷപ്പെട്ട് അവർ ദക്ഷിണേന്ത്യൻ സിനിമയുടെ മുഖമായി മാറി. പിന്നീട് 1996 ൽ തന്റെ 35 ാം വയസിൽ വിഷാദരോഗം ബാധിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.