മനുഷ്യന്റെ രണ്ടാം ചന്ദ്രയാത്രയ്ക്കുള്ള ദൗത്യത്തിന് കനത്ത തിരിച്ചടി. 2025 മുതൽ മനുഷ്യനെ ചന്ദ്രോപരിതലത്തിലെത്തിക്കുന്ന ആർട്ടെമിസ് പദ്ധതി തീരുമാനിച്ചിരുന്നതുപോലെ മുന്നോട്ട് പോകുന്നില്ലെന്ന് നാസ അറിയിച്ചു. ആർട്ടെമിസ്-3 പേടകം അടുത്ത വർഷം മൂന്നു പേരെ ചന്ദ്രനിലെത്തിക്കുമെന്നായിരുന്നു നാസയുടെ തീരുമാനം. എന്നാൽ ആ ദൗത്യം 2026 ലേ ആരംഭിക്കുകയുള്ളു എന്നാണ് നാസ അറിയിച്ചത്.
ആർട്ടെമിസ്-3, 2026 സെപ്റ്റംബറിനു ശേഷമേ കുതിക്കാൻ സാധ്യതയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. നാസയുടെ സഹായത്തോടെ, ‘പെരിഗ്രീൻ’എന്നപേരിൽ ഒരു സ്വകാര്യ കമ്പനിയുടെ ചാന്ദ്രദൗത്യം ഏതാനും ദിവസം മുമ്പ് വിക്ഷേപിച്ചിരുന്നു. ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിക്കാൻ കഴിയുന്ന ആസ്ട്രോബോട്ട് ആണ് ആർട്ടെമിസ്. ആർട്ടെമിസ് ദൗത്യംവഴി ചന്ദ്രനിലിറങ്ങുന്ന യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും അവർക്ക് ‘വഴി കാണിക്കാനു’മുള്ള ഉപകരണങ്ങൾ പെരിഗ്രീനിലുണ്ട്.