ബെംഗളൂരു: ഇന്ത്യൻ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 വിജയത്തിന് തൊട്ടരികെ. രണ്ടാം ഡീ ബൂസ്റ്റിങ് വിജയകരമായി പൂർത്തിയാക്കിയതോടെ വിക്രം ലാൻഡർ ചന്ദ്രന് അരികെ എത്തി. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു രണ്ടാം ഡീ ബൂസ്റ്റിങ് നടന്നത്. ഇതോടെ കുറഞ്ഞ ദൂരം 25 കിലോമീറ്ററും കൂടിയ ദൂരം 134 കിലോമീറ്ററുമായി.
സാങ്കേതിക പരിശോധനകൾ തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. അവസാന ഘട്ടവും വിജയകരമായി പിന്നിട്ട് വിക്രം ലാൻഡർ ബുധനാഴ്ച വൈകിട്ട് 5.45 ന് സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ലാൻഡർ ഇറങ്ങുക. ഡീ-ബൂസ്റ്റ് എന്ന പ്രക്രിയയിലൂടെയാണ് പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്ക് (25 കിമീ x 134 കിമീ) എത്തിക്കുക. 30 കിലോമീറ്റർ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് പ്രധാന ഘട്ടമെന്നായിരുന്നു നേരത്തെ ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നത്.
എന്നാൽ അവസാന ഡീബൂസ്റ്റിങ്ങിൽ വിക്രം ലാൻഡർ ചന്ദ്രൻ്റെ 25 കിലോമീറ്റർ ഉയരത്തിൽ എത്തിയിരിക്കുകയാണ്. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റും. ഇതിന് ശേഷമാണ് സ്ഫോറ്റ്ലാൻഡിങ്ങ്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഇതിനകം 36 ദിവസം പിന്നിട്ടു.