അങ്ങനെ ഇന്ത്യ ചന്ദ്രനെ തൊടുന്ന നാലാമത്തെ രാജ്യമായി. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന ഇപ്പോൾ ഇന്ത്യയും. നിശ്ചയമായും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടം. ഇതുവരെ ആരും എത്തിച്ചേർന്നിട്ടില്ലാത്ത ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ ലാൻഡ് ചെയ്തിരിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചന്ദ്രോപരിതലത്തിൽ ജലത്തിൻറെ സാന്നിധ്യം ഉള്ള ഭാഗമാണിത്.
ഇനി ചാന്ദ്രദൗത്യങ്ങളുടെ സമയമാണ്. ജപ്പാൻ ഉടൻ തന്നെ ഒരു റോബോട്ടിക് പേടകം ചന്ദ്രനിൽ ഇറക്കാൻ ഉദ്ദേശിക്കുന്നുണ്ട്. 1972നു ശേഷം ആദ്യമായി വീണ്ടും മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള തീരുമാനത്തിലാണ് നാസ. ചന്ദ്രനോട് അടുത്ത് ഒരു സ്പേസ് സ്റ്റേഷൻ കൂടി അവർ നിർമ്മിക്കുവാൻ പദ്ധതിയിടുന്നു. നാസയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനികളും ചാന്ദ്രദൗത്യം ഏറ്റെടുക്കുന്നുണ്ട്.