ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3ന്റെ ലാൻഡിങ് സമയം മാറ്റി. ഓഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 6.04നാണ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 5.45 ന് ലാൻഡിങ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടാം ഡീബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി നടത്തി. ഇതോടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ലാൻഡിങ് ദൗത്യത്തിന്റെ അവസാന ഘട്ടമാണ് ഇനി ബാക്കി.
ലാൻഡിങ് ദൃശ്യങ്ങൾ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ടെലിവിഷനിലൂടെയും തത്സമയം കാണാൻ സാധിക്കും. ഇന്‍റർനെറ്റ് കണക്ഷനുളള സ്മാർട്ട്ഫോണുകളിലൂടെയും കംപ്യൂട്ടറുകളിലൂടെയും ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് ലൈവായി കാണാം. ഓഗസ്റ്റ് 23ന് വൈകുന്നേരം 5.27ന് ലൈവ് സ്ട്രീമിംഗ് ആരംഭിക്കും. 6.04നാണ് ലാൻഡിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഡിഡി നാഷണൽ ചാനലിലൂടെ സോഫ്റ്റ് ലാൻഡിങ് സൗജന്യമായി കാണാനുള്ള അവസരവും ഐഎസ്ആർഒ ഒരുക്കിയിട്ടുണ്ട്. ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ്ങിന്റെ തത്സമയ സ്ട്രീമിംഗ് സംഘടിപ്പിക്കാൻ സ്കൂളുകളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഐഎസ്ആർഒ ക്ഷണിച്ചിട്ടുണ്ട്.