തൊഴിൽ മേഖലയിലും തൊഴിലാളികളിലും കേന്ദ്ര ബജറ്റ് ആശങ്കകൾ ഉയർത്തുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള വിഹിതം മുൻ വർഷത്തെപ്പോലെ 86,000 കോടി രൂപയായി ബജറ്റ് നിലനിർത്തുന്നു. ഗ്രാമീണ തൊഴിലിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പണപ്പെരുപ്പ സമ്മർദ്ദങ്ങളും കണക്കിലെടുക്കുമ്പോൾ, ഈ വിഹിതം ഗ്രാമീണ തൊഴിലാളികൾക്ക് മതിയായ തൊഴിലവസരങ്ങളും വേതനവും ഒരുക്കുന്നതിന് പ്രതികൂലമായി ബാധിക്കും.
കേന്ദ്രം കൊണ്ടുവരുന്ന നാല് ലേബർ കോഡുകൾ റദ്ദാക്കണമെന്ന് തൊഴിലാളി യൂണിയനുകൾ നേരത്തെ തന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈ ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുമെന്ന് ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ അസംഘടിത തൊഴിലാളികൾക്കും സമഗ്രമായ കവറേജ് ഉറപ്പാക്കുന്നതിന് ഒരു സാർവത്രിക സാമൂഹിക സുരക്ഷാ ഫണ്ട് സ്ഥാപിക്കണമെന്ന ആവശ്യവും ബജറ്റിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കും ക്ഷേമത്തിനും ബജറ്റ് പ്രത്യേക വ്യവസ്ഥകൾ മുന്നോട്ട് വെക്കുന്നില്ല. വളരുന്ന ഗിഗ് സമ്പദ്‌വ്യവസ്ഥ കണക്കിലെടുക്കുമ്പോൾ, ഈ തൊഴിലാളികൾക്ക് ഔപചാരിക അംഗീകാരത്തിന്റെയും പിന്തുണാ സംവിധാനങ്ങളുടെയും അഭാവം അവരെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്ക് ഇരയാക്കുകയും അവശ്യ ആനുകൂല്യങ്ങൾ ലഭിക്കാതെ വരികയും ചെയ്യുന്നു. ഇക്കാര്യത്തിൽ കേരളം നിയമനിർമാണത്തിന് തയ്യാറെടുക്കുകയാണ് എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.