കത്തോലിക്ക പള്ളിയില്‍ യുവാക്കളുമായി വാക്കേറ്റം നടത്തിയ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈക്കെതിരെ കേസ്. 28കാരനായ കാര്‍ത്തിക് നല്കിയ പരാതിയിലാണ് മതസ്പര്‍ധ ഉണ്ടാക്കാൻ ശ്രമം, ആരാധനാലയമുള്ള സ്ഥലത്ത് സംഘര്‍ഷ ശ്രമം, മതവൈര്യമുണ്ടാക്കാൻ ശ്രമം, സമാധാന അന്തരീക്ഷം തകര്‍ക്കാൻ ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കെ. അണ്ണാമലൈക്കെതിരെ കേസെടുത്തത്.
‘എൻ മണ്ണ് എൻ മക്കള്‍’ പദയാത്രയുടെ ഭാഗമായാണ് അണ്ണാമലൈ ക്രൈസ്തവ പള്ളികളില്‍ സന്ദര്‍ശനം നടത്തിയത്. ഇതിന്റെ ഭാഗമായാണ് ധര്‍മപുരി ബൊമ്മിഡിയിലെ സെന്റ് ലൂര്‍ദ് പള്ളിയിലും അദ്ദേഹം എത്തിയത്. എന്നാല്‍, പള്ളിക്കുള്ളില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കയറുന്നത് ഒരു സംഘം യുവാക്കള്‍ തടഞ്ഞു. മണിപ്പൂര്‍ സംഘര്‍ഷത്തിന് കാരണക്കാരായ ബി.ജെ.പിയുടെ നേതാക്കള്‍ പള്ളിക്കുള്ളില്‍ കയറരുതെന്നാണ് യുവാക്കള്‍ ആവശ്യപ്പെട്ടത്.
എന്നാൽ മണിപ്പൂരില്‍ രണ്ട് ഗോത്രങ്ങള്‍ തമ്മിലാണ് സംഘര്‍ഷമെന്നും ക്രൈസ്തവര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അണ്ണാമലൈ വിശദീകരിച്ചു. ഇതിന് മറുപടിയായി സംഘര്‍ഷം ഒഴിവാക്കാൻ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് യുവാക്കള്‍ ആരോപിച്ചു.
തുടർന്ന് പതിനായിരം പേരെ കൂട്ടി താൻ പള്ളിക്ക് മുമ്പില്‍ ധര്‍ണ നടത്തിയാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന് ക്ഷുഭിതനായ അണ്ണാമലൈ മറുചോദ്യം ഉന്നയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് എത്തിയാണ് യുവാക്കളെ പിന്തിരിപ്പിക്കുകയും അണ്ണാമലൈക്ക് പള്ളിയില്‍ കയറാൻ അവസരമുണ്ടാക്കുകയും ചെയ്തത്.