‘ഇസ്കോൺ’ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നുവെന്ന ബിജെപി എംപി മനേക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ മാനനഷ്ടക്കേസ്. സംഘടനയ്‌ക്കെതിരായ ആരോപണങ്ങൾക്കെതിരെ കൃഷ്ണ ഭക്തരുടെ ആഗോള സംഘടനായ ഇസ്കോണാണ് (ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫൊര്‍ കൃഷ്ണ കോണ്‍ഷ്യം) കേസ് ഫയൽ ചെയ്തത്. 100 കോടി രൂപ മനനഷ്ടം ആവശ്യപ്പെട്ടാണ് കേസ്. എം പിയുടെ ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും ഇത് ഭക്തർക്ക് വേദനയുണ്ടാക്കിയതായും ഇസ്‌കോൺ ആരോപിച്ചു.
“ഇസ്‌കോണിനെതിരെ തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് മനേക ഗാന്ധിക്ക് ഞങ്ങൾ 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു . എം പിയുടെ അപകീർത്തിപരമായ പരാമർശങ്ങളിൽ ഇസ്‌കോൺ ഭക്തരുടെയും അനുഭാവികളുടെയും അഭ്യുദയകാംക്ഷികളുടെയും ലോകമെമ്പാടുമുള്ള സമൂഹം വേദനിക്കുന്നു. ഇസ്‌കോണിനെതിരായ തെറ്റായ പ്രചരണങ്ങൾക്കെതിരെ നീതി ലഭിക്കും വരെ പോരാടും”- ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് പറഞ്ഞു.
ഇസ്‌കോണ്‍ വഞ്ചകരാണെന്നും ഗോശാലകളില്‍ നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നുവെന്നും ആരോപിച്ചുകൊണ്ടുള്ള മനേക ഗാന്ധിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഗോശാലകൾ സ്ഥാപിച്ച് ഇസ്‌കോൺ സർക്കാരിൽ നിന്ന് നിരവധി ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതായി അവർ ആരോപിച്ചു. താൻ അടുത്തിടെ ആന്ധ്രാപ്രദേശിലെ ഇസ്‌കോൺ ഗോശാല സന്ദർശിച്ചെന്നും അവിടെ ഒരു പശുവിനെ പോലും നല്ലനിലയിൽ കണ്ടില്ലെന്നും ബിജെപി എംപി കുറ്റപ്പെടുത്തി.