കൊച്ചി: മുല്ലപ്പൂ കൈ കൊണ്ട് അളന്ന് വിൽപ്പന നടത്തിയ ആറ് പൂക്കച്ചവടക്കാർക്കെതിരെ കേസെടുത്തു. എല്ലാവരുടെയും കൈ നീളം വ്യത്യാസമായതിനാൽ അളവ് ഒരു പോലെ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തത്. ഇവരിൽ നിന്നും രണ്ടായിരം രൂപ പിഴ ഈടാക്കി.
കൂടാതെ മുദ്രവെക്കാത്ത ത്രാസുകളുപയോഗിച്ച് പൂ വിറ്റവരുടെ പേരിലും നടപടിയെടുത്തു. ഓണക്കാലത്ത് റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി അപൂര്‍വമായേ പരിശോധന നടത്താറുള്ളു. ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. എന്നാൽ പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വിൽക്കുന്നത്. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ആളുകളുടെ കൈയ്‌ക്ക് അനുസരിച്ച് പൂമാലയുടെ വലിപ്പവും മാറും. മുല്ലപ്പൂ വില്‍ക്കുന്നത് നിശ്ചിത നീളമുള്ള സ്‌കെയിലില്‍ അളന്നോ ത്രാസില്‍ തൂക്കിയോ ആയിരിക്കണമെന്നാണ് നിലവിലെ നിയമം.