കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള കോ ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിലും ശമ്പള പ്രതിസന്ധി. മാർച്ച് മാസം പകുതിയായിട്ടും ഇതുവരെയും ഫെബ്രുവരി മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ജനുവരി മാസത്തെ ശമ്പളവും ഏറെ വൈകിയാണ് വിതരണം ചെയ്തത്. കേപ്പിന് കീഴിൽ ഒരു ആശുപത്രിയും ഒമ്പത് എഞ്ചിനീയറിംഗ് കോളേജുകളും ഒരു മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടും ഒരു നൈപുണ്യ വികസന കേന്ദ്രവുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം ജില്ലയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പെരുമൺ, കോളേജ് ഓഫ് എഞ്ചിനീയറിംഗ് പത്തനാപുരം, പത്തനംതിട്ട ജില്ലയിലെ ആറന്മുള എഞ്ചിനീയറിംഗ് കോളേജ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകര, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരി, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂർ, ആലപ്പുഴ ജില്ലയിലെ എഞ്ചിനീയറിംഗ് & മാനേജ്മെൻ്റ് കോളേജ്, കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജ് എന്നിവയാണ് കേപ്പിന് കീഴിലുള്ള കോളേജുകൾ.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് & ടെക്‌നോളജി എന്ന സ്ഥാപനവും കേപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. പുന്നപ്രയിൽ തന്നെ സാഗര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും നേഴ്സിങ് കോളേജും കേപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേപ്പിന്റെ ചെയർമാൻ. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ആണ് വൈസ് ചെയർമാൻ. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള വിതരണം തുടർച്ചയായി വൈകുന്നതിൽ യുഡിഎഫ് അനുകൂല സംഘടനയായ അസോസിയേഷൻ ഓഫ് കേപ്പ് ടീച്ചേഴ്സ് (ആക്ട്) ശക്തമായി പ്രതിഷേധിച്ചു.