കാനഡ: കാനഡയില്‍ വീണ്ടും വന്‍ കാട്ടുതീ. ഏതാണ്ട് 18,688,691 ഏക്കറിലാണ് തീപിടുത്തമുണ്ടായത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കാട്ടുതീയിലുണ്ടായ പുകപടലം അറ്റ്ലാന്റിക് സമുദ്രം കടന്ന് പടിഞ്ഞാറന്‍ യൂറോപ്പിലെത്തിയതായി നാസ പറയുന്നത്.
ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ കാനഡയില്‍ കാട്ടുതീ പതിവാണ്. എന്നാല്‍, ഈ വര്‍ഷം ഇത് വളരെ അധികമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 1995നു ശേഷം കാനഡ കണ്ട ഏറ്റവും വലിയ കാട്ടുതീ ആണിത്.
തിങ്കളാഴ്ച നാസ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ക്യൂബെക്ക് പ്രവിശ്യയില്‍ നിന്ന് അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ ആയിരക്കണക്കിന് മൈലുകള്‍ വരെ പുകയും മണവും വ്യാപിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സീ ആന്റ് അറ്റ്മോസ്ഫിയര്‍ അഥവാ ഐപിഎംഎയുടെ അഭിപ്രായത്തില്‍ ഞായറാഴ്ച മുതല്‍ അസോര്‍സ് ദ്വീപുകളില്‍ എത്താന്‍ തുടങ്ങിയ കഠിനമായ പുക തിങ്കളാഴ്ച പടിഞ്ഞാറന്‍ യൂറോപ്പിലെത്തി. സ്പെയിന്, ഫ്രാന്‍സ് തുടങ്ങിയ വടക്കന്‍ രാജ്യങ്ങളെയും പുക ബാധിക്കുന്നുണ്ട്.
ഈ മാസമാദ്യം യുഎസില്‍ അപകടകരമായ വായു ഗുണനിലവാര മുന്നറിയിപ്പുകള്‍ നല്കിയ പുകയില്‍ നിന്ന് വ്യത്യസ്തമായി യൂറോപ്പില്‍ എത്തിയ പുക അന്തരീക്ഷത്തില്‍ 1,100 മീറ്ററിലും (3,609 അടി) അതിനുമുകളിലും ഉയര്‍ന്ന് പടര്‍ന്നു കിടക്കുന്നതായി കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു.