മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ മാലദ്വീപ് മന്ത്രിമാരുടെ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങളില്‍ ‘ബോയ്കോട്ട് മാല്‍ദീവ്സ്’ കാമ്ബയിൻ ശക്തമാകുന്നതിനിടെ തന്‍റെ അമ്ബതാം പിറന്നാളിന് സന്ദര്‍ശിച്ച മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ബീച്ചില്‍ നിന്നുള്ള വിഡിയോ പങ്കുവെച്ച് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ .വിദേശ ബീച്ച് ലൊക്കേഷനുകള്‍ക്ക് പകരം ഇന്ത്യയിലെ ബീച്ചുകള്‍ പ്രോത്സാഹിപ്പിക്കാൻ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ കാമ്ബയിൻ നടക്കുന്നതിനിടെയാണ് സചിന്റെ പോസ്റ്റ്. സിന്ധുദുര്‍ഗ് തീരദേശ നഗരം ഞങ്ങള്‍ക്ക് വേണ്ടതും അതിലധികവും നല്‍കിയെന്നും മനോഹരമായ തീരപ്രദേശങ്ങളും ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഇന്ത്യയെന്നും സചിൻ സമൂഹ മാധ്യമമായ എക്സില്‍ വിഡിയോക്കൊപ്പം കുറിച്ചു.
‘സിന്ധുദുര്‍ഗില്‍ എന്‍റെ 50ാം പിറന്നാള്‍ ആഘോഷിച്ചിട്ട് 250ല്‍ കൂടുതല്‍ ദിവസങ്ങളായിരിക്കുന്നു. തീരദേശ നഗരം ഞങ്ങള്‍ക്ക് വേണ്ടതും അതിലധികവും നല്‍കി. അതിമനോഹരമായ സ്ഥലങ്ങള്‍ക്കൊപ്പം അതിശയകരമായ ആതിഥ്യ മര്യാദകളും കൂടിയായപ്പോള്‍ ഞങ്ങള്‍ക്ക് മനോഹരമായ ഓര്‍മയായി ആ സന്ദര്‍ശനം. മനോഹരമായ തീരപ്രദേശങ്ങളും ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഇന്ത്യ. ‘അതിഥി ദേവോ ഭവ’ സന്ദേശവുമായി നമുക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. അതുവഴി ഒരുപാട് മനോഹമായ ഓര്‍മകള്‍ സൃഷ്ടിക്കാനും നമുക്കാവും’ -എന്നിങ്ങനെയാണ് വിഡിയോക്കൊപ്പം സചിൻ എക്സില്‍ കുറിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ മാലദ്വീപ് മന്ത്രിമാര്‍ വിമര്‍ശന പോസ്റ്റുകളിട്ടതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമെന്ന് ലക്ഷദ്വീപിനെ കുറിച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരുന്നു. മനോഹാരിതക്കപ്പുറം ലക്ഷ്യദ്വീപിന്‍റെ ശാന്തതയും മാസ്മരികമാണെന്നും 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ കഠിനമായി പ്രയത്നിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാന്‍ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും മോദിയുടെ പോസ്റ്റിലുണ്ടായിരുന്നു.
ഇതിന് പിന്നാലെ മാലദ്വീപ് മന്ത്രി മറിയം ഷിവൂന അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തി. ‘എന്തൊരു കോമാളിയാണിയാള്‍. ഇസ്രായേലിന്റെ കളിപ്പാവയായ നരേന്ദ്രയെന്ന മുങ്ങള്‍ വിദഗ്ധൻ ലൈഫ് ജാക്കറ്റ് ധരിച്ച് നില്‍ക്കുന്നു’, എന്നാണ് ‘വിസിറ്റ് മാലദ്വീപ്’ എന്ന ഹാഷ്ടാഗോടെ മന്ത്രി എക്സില്‍ പോസ്റ്റിട്ടത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ പോസ്റ്റ് മന്ത്രി നീക്കിയിരുന്നു.
മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പിന്നീട് മാലദ്വീപ് സര്‍ക്കാര്‍ രംഗത്തെത്തി. അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും അത് സര്‍ക്കാരിന്റെ നയമല്ലെന്നുമായിരുന്നു പ്രതികരണം. മാലദ്വീപും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള അടുത്ത ബന്ധത്തെ തടസ്സപ്പെടുത്താതെയും ജനാധിപത്യമായ ഉത്തരവാദിത്തങ്ങളെ ഹനിക്കാതെയുമായിരിക്കണം ആവിഷ്‍കാര സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാൻ സര്‍ക്കാര്‍ മടിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഇന്ത്യ തങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന് മറ്റൊരു മന്ത്രി അബ്ദുല്ല മഹ്സൂം മാജിദും എക്സില്‍ പോസ്റ്റിട്ടിരുന്നു. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്തി ഇന്ത്യ മാലദ്വീപില്‍നിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്നാണ് മന്ത്രി പറഞ്ഞത്.
മറ്റൊരു മന്ത്രി ഷാഹിദ് റമീസും മോദിയെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. മോദിയുടെ സന്ദര്‍ശനം മാലദ്വീപ് ടൂറിസത്തിന് വലിയ തിരിച്ചടിയാണെന്നും ലക്ഷദ്വീപിന്റെ ടൂറിസം വികസിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം. എന്നാല്‍, നീക്കം ഗംഭീരമാണ്. എന്നാല്‍, ഞങ്ങളോട് മത്സരിക്കുക വിഷമം പിടിച്ച ഒന്നാണ്. ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സേവനം അവര്‍ക്ക് നല്‍കാൻ കഴിയില്ല. അവര്‍ക്ക് വൃത്തിയായി ഒന്നും സൂക്ഷിക്കാൻ കഴിയില്ല. മുറികളില്‍ എന്നും ഒരേ മണമാണ് എന്നതാണ് ഏറ്റവും വലിയ തിരിച്ചടിയെന്നും മന്ത്രി കുറിച്ചു.
മന്ത്രിമാരുടെ പോസ്റ്റുകള്‍ക്ക് പിന്നാലെ ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നവര്‍ ബുക്കിങ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സില്‍ ബോയ്കോട്ട് മാല്‍ദീവ്സ് കാമ്ബയിന്‍ തുടങ്ങുകയായിരുന്നു. മൂന്ന് മന്ത്രിമാരെയും പിന്നീട് മാലദ്വീപ് പിന്നീട് സസ്പെൻഡ് ചെയ്തു