പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

Breaking Kerala

കാസർഗോഡ്: കുമ്പളയിൽ പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ രജിത്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ ദിവസം തന്നെ കാസർഗോഡ് ഡിവൈഎസ്പി അന്വേഷണം പൂർത്തിയാക്കിയിരുന്നു.

കാർ മറിഞ്ഞ് പേരാൽ കണ്ണുർ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനക്കായി നിർത്തിച്ചെങ്കിലും പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടർന്നത്. അമിത വേഗതയിലെത്തിയ കാർ മതിലിൽ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുന്ന ഫർഹാസിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പിന്നീട് പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *