മുനമ്പത്ത് വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

Kerala

കൊച്ചി: മുനമ്പത്ത് ഫൈബര്‍ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. രാവിലെ ആറ് മണി മുതല്‍ കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ ആരംഭിച്ചു. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കണ്ടെത്താനുള്ളത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മുനമ്പം അഴിമുഖത്തിനടുത്ത് അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ രക്ഷപ്പെടുകയും നാലു പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ ശരത്, മോഹനന്‍ എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

ഏഴ് പേരുണ്ടായ വള്ളത്തില്‍ നിന്ന് മൂന്ന് പേരെ വ്യാഴാഴ്ച രാത്രി തന്നെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ നാല് പേര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറം ലോകം അറിയുന്നത്. ശക്തമായ കാറ്റും അപകടത്തില്‍പ്പെട്ടവര്‍ക്ക് നീന്തലില്‍ പ്രാവീണ്യം കുറഞ്ഞതുമാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബൈജു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. മുനമ്പം ബോട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയിട്ടില്ലായെന്നും കടല്‍ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *