ബ്ലാക്മാൻ’ ഭീതിപരത്തി മോഷണവും,കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി പന്തളത്തും പരിസരപ്രദേശങ്ങളിലും മോഷണവും മോഷണ ശ്രമങ്ങളുമായി വിലസിയ സംഘത്തിലെ മൂന്നു പേരെയാണ് പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷിൻ്റെ നേതൃത്വത്തിൽ ശ്രമകരമായ ദൗത്യത്തിലൂടെ കുടുക്കിയത്. പന്തളം കുരമ്പാല സൗത്ത് തെങ്ങും വിളയിൽ വീട്ടിൽ 21 കാരനായ അഭിജിത്ത് , സംഘാംഗങ്ങളായ പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.
എറണാകുളം, തൃപ്പൂണിത്തുറ, കോട്ടയം , മാവേലിക്കര,നൂറനാട് തുടങ്ങിയ സ്റ്റേഷനുകളിൽ ഇവർക്കെതിരെ വാഹനമോഷണം ഉൾപ്പെടെ നിരവധി മോഷണ കേസുകളും, കവർച്ചാശ്രമ കേസുകളുമുണ്ട്. അഭിജിത്തിൻ്റെ പേരിൽ പോക്സോ കേസും നിലവിലുണ്ട്. കേസിൽ പിടിയിലായ കൗമാരക്കാർ അടുത്തിടെ 6 മൊബൈൽഫോണും രണ്ട് സ്മാർട്ട് വാച്ചും മോഷ്ടിച്ചതടക്കം, എറണാകുളത്ത് നിന്നും വിലകൂടിയ പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച് കടത്തിയതിനും, ബൈക്ക് മോഷണത്തിനും ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ട്. കൗമാരക്കാരാണ് മോഷ്ടിക്കുന്ന ബൈക്കുകളുടെ ഹാൻ്റിൽ ലോക്ക് ചവിട്ടിപ്പൊട്ടിച്ച ശേഷം വയർ കഷണമുപയോഗിച്ച് വണ്ടി സ്റ്റാർട്ട് ചെയ്യുന്നത്. മോഷ്ടിക്കുന്ന വാഹനത്തിൽ കറങ്ങി നടന്നാണ് സംഘം മോഷണം നടത്തുന്നത്.