നമ്മള്‍ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ ഉടനെ പിടിച്ചങ്ങ് സംഘിയാക്കും:ഹരീഷ് പേരടി

Entertainment Kerala

കൊച്ചി: ദൈവത്തെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിർത്തുന്ന സംസ്ഥാനമാണ് കേരളം എന്ന നടൻ പ്രകാശ് രാജിന്റെ പരാമർശത്തെ എതിർത്തതിന് പിന്നില്‍ കാരണമുണ്ടെന്ന് നടൻ ഹരീഷ് പേരടി.പ്രകാശ് രാജ് നരേന്ദ്ര മോദിയെ വിമർശിച്ചതു കൊണ്ടൊന്നുമല്ല താൻ അത് പറഞ്ഞതെന്നും കേരളം അദ്ദേഹം ഉദ്ദേശിക്കുന്നത്ര നല്ല നാടല്ലാത്തതു കൊണ്ടാണെന്നുമായിരുന്നു ഹരീഷ് പേരടിയുടെ മറുപടി. ഒരു മലയാളം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

നരേന്ദ്ര മോദിയെ വിമർശിച്ചതുകൊണ്ടല്ല. കേരളം നിങ്ങളുദ്ദേശിക്കുന്നതുപോലുള്ള ഒരു ലോകമല്ലെന്നും ഇവിടേയും പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തോട് പറയേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് അത്. നരേന്ദ്ര മോദിയെ ആളുകള്‍ വിമർശിക്കുന്നത് താങ്കള്‍ക്കൊരു പ്രശ്നമല്ലേ എന്ന ചോദ്യത്തിന് നരേന്ദ്ര മോദിയെ ധാരാളം വിമർശിക്കുന്ന ഒരാളാണ് താനെന്നായിരുന്നു ഹരീഷ് പേരടിയുടെ മറുപടി.

മോദി നല്ല കാര്യം ചെയ്തപ്പോള്‍ ഞാൻ പിന്തുണച്ചിട്ടുണ്ട്. കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാൻ സന്തോഷിച്ചിട്ടുണ്ട്. കാരണം എന്റെ വീടിന്റെ അടുത്താണ്. ഞാൻ അതിനെ അനുകൂലിക്കുന്നു. വന്ദേഭാരത് കേരളത്തിന് അനുവദിച്ചപ്പോള്‍ ഞാൻ അതിനെ അനുകൂലിക്കുന്നു. കാരണം ഏറ്റവും നല്ല കാര്യമാണ്. റെയില്‍വേയുടെ വളവ് നികത്തുമെന്നും 130 സ്പീഡിന് മുകളില്‍ ഓടിയാല്‍ ഞാൻ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നു.

എന്താ എനിക്ക് പറഞ്ഞൂടേ ബിജെപി ഇന്ത്യ ഭരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ എനിക്കുമുണ്ട്. എന്നുകരുതി തൊട്ടുകൂടായ്മയുടെ ആവശ്യമില്ല. കാരണം ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് അത്. ചന്ദ്രയാനെ അനുമോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പില്‍ എന്നെ ഒരു സംഘിയാക്കാൻ മറക്കരുതേ എന്ന് പറഞ്ഞിരുന്നു. അങ്ങനെ ഒരു രീതി കേരളത്തില്‍ ഉണ്ട് എന്നതിന് കൊടുത്ത കൊട്ടാണോ അത് എന്ന ചോദ്യത്തിന് തീർച്ചയായും ആണെന്നായിരുന്നു ഹരീഷ് പേരടിയുടെ മറുപടി.

നമ്മള്‍ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ ഉടനെ പിടിച്ചങ്ങ് സംഘിയാക്കും. അത് വളരെ എളുപ്പമാണ്. അവസാനം അതില്‍ ദുഃഖിക്കേണ്ടി വരും. കാരണം ഇങ്ങനെ വിളിക്കുന്നവരൊക്കെ അവസാനം ഒരു ദിവസം സംഘിയായി മാറും. അങ്ങനെ ഒരു ഉദ്ദേശം ഇല്ലാത്തവർ പോലും. എന്തായാലും പേര് വീണു എന്നാല്‍ സംഘിയായേക്കാമെന്ന് കരുതും. അങ്ങനെ ആക്കി മാറ്റരുത് ഈ വിളി. ബിജെപിക്കും വേണമെങ്കില്‍ ഒരു നാടകം ചെയ്യാം. നിങ്ങള്‍ എന്നെ സംഘിയാക്കി എന്ന് പറഞ്ഞിട്ട്.

Leave a Reply

Your email address will not be published. Required fields are marked *