സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിലിലാണ് തീരുമാനമുണ്ടായത്. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്നാണ് ബിനോയ് വിശ്വത്തെ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിൻെറ പേര് നിർദ്ദേശിച്ചത്. നിർദേശം സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. ചർച്ച പോലുമില്ലാതെയായിരുന്നു സെക്രട്ടറിയെ നിശ്ചയിച്ചത്.
രണ്ട് തവണ എംഎൽഎയും ഒരു തവണ മന്ത്രിയുമായിരുന്ന ബിനോയ് വിശ്വം പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിൽ സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. ലോക യുവജന സംഘടനയുടെ തലപ്പത്തടക്കം പ്രവർത്തിച്ച പാരമ്പര്യമുളള ബിനോയ് വിശ്വം കമ്മ്യൂണിസ്റ്റ് നേതാവ് വൈക്കം വിശ്വനാഥൻെറ മകനാണ്. രാജ്യസഭാംഗം എന്ന നിലയിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ബിനോയ് വിശ്വം സെക്രട്ടറി പദം ഏറ്റെടുത്തതോടെ കർമ്മ മണ്ഡലം കേരളത്തിലേക്ക് മാറ്റും.