കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പൊതുദര്‍ശനവുമായി ബന്ധപ്പെട്ട് അദേഹത്തിന്റെ ഭാര്യ വിനോദിനി പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്ന് മകന്‍ ബിനീഷ് കോടിയേരി. അച്ഛന്റെ മരണശേഷം താനും സഹോദരനും ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്നും അതിന് പാര്‍ട്ടി സമ്മതിച്ചില്ല എന്നും അമ്മ പറഞ്ഞിട്ടില്ലെന്ന് ബിനീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മരണശേഷവും കോടിയേരിക്ക് എതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളി കളയണമെന്നും ബിനീഷ് പറഞ്ഞു.
അമ്മ പറഞ്ഞ വാക്കുകളെ ദുര്‍വ്യാഖ്യാനം നടത്തി അത് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശ്രമം. അച്ഛന്‍ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ് , ഇങ്ങനെ ഉള്ള അപവാദ വ്യാഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയുടെ മനോനില തകര്‍ക്കരുത് എന്നാണ് എല്ലാവരോടുമുള്ള വിനീതമായ അപേക്ഷയെന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു. പാര്‍ട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവര്‍ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ്. അങ്ങനെ ഉള്ളവര്‍ എല്ലാം തന്നെ ഇപ്പോള്‍ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങള്‍ സിപിഐഎമ്മിനെയും സിപിഐഎം നേതൃത്വത്തെയും ബോധപൂര്‍വ്വം പൊതുജനത്തിനു മുന്‍പില്‍ മോശമായി ചിത്രീകരിക്കാനാണ്. ഇതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യര്‍ത്ഥിക്കുന്നെന്നും ബിനീഷ് കോടിയേരി പറഞ്ഞു.