തിരുവനന്തപുരം: ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് സ്വദേശി മരിച്ചു. കന്യാകുമാരി വിളവംകോട് കാരുണ്യാപുരം വീട്ടില്‍ ഷീജയുടെ മകള്‍ സീൻ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വെങ്ങാനൂര്‍ സ്വദേശി ധനുഷിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ കാഞ്ഞിരംകുളം കാണവിള കോളനിക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന സീൻ കരുംകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. അവിടെ നിന്ന് മറ്റ് സുഹൃത്തുക്കളോടൊപ്പം രാത്രിയില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ ബൈക്ക് തെന്നിമറിഞ്ഞായിരുന്നു അപകടം.
റോഡു വക്കിലെ പൈപ്പ് കുറ്റിയില്‍ തലയിടിച്ച് ഗുരുതര പരിക്കേറ്റ യുവതിയെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച വൈകുന്നേരത്തോടെ മരണമടഞ്ഞു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.