ബിഹാറില്‍ ജാതിസര്‍വേക്ക് അനുമതി നല്‍കിയ പട്ന ഹൈക്കോടതിവിധി ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ ഈ മാസം ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി.സര്‍വേയിലെ വിവരങ്ങള്‍ പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു.
ഏറെ കാത്തിരിപ്പുകള്‍ക്കുശേഷം സര്‍വേയിലെ കണ്ടെത്തലുകള്‍ ബിഹാര്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയെന്നോണമായിരുന്നു ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ നടപടി. ബിഹാര്‍ സര്‍ക്കാരിന്റെ ജാതിസര്‍വേയില്‍ വിവരങ്ങള്‍ നല്‍കാൻ ജനങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ പിന്നെന്താണ് കുഴപ്പമെന്ന് ഇതിനുമുമ്ബ് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ചോദിച്ചിരുന്നു. വിവരങ്ങള്‍ സര്‍ക്കാര്‍ പരസ്യമാക്കില്ലെന്നിരിക്കേ ജാതിയും ഉപജാതിയും വെളിപ്പെടുത്താൻ ജനങ്ങള്‍ക്ക് പ്രശ്നമില്ലെങ്കില്‍ അപകടമെന്താണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. മൊത്തത്തിലുള്ള വിവരങ്ങള്‍മാത്രമാണ് പുറത്തുവരുക എന്നിരിക്കേ അതിലെങ്ങനെയാണ് സ്വകാര്യതയുടെ പ്രശ്നമുണ്ടാകുന്നതെന്നും കോടതി ആരാഞ്ഞു.