ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളിൽ പര്യടനം ആരംഭിക്കും. അസം-പശ്ചിമ ബംഗാൾ അതിർത്തിയായ ബോക്‌സിർഹട്ടിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പതാക ഏറ്റുവാങ്ങും. 5 ദിവസം കൊണ്ട് 7 ജില്ലകളിൽ കൂടി യാത്ര പര്യടനം നടത്തും. കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് വാക്പോര് തുടരുന്നതിനിടെയാണ് പശ്ചിമ ബംഗാളിൽ ന്യായ് യാത്ര എത്തുന്നത്.
തൃണമൂൽ കോൺഗ്രസ്, സിപിഐഎം അടക്കമുള്ള ഇന്ത്യ സഖ്യത്തിലെ പാർട്ടികളെ കോൺഗ്രസ് യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ക്ഷണം ലഭിച്ചിട്ടില്ല എന്നാണ് മമത ബാനർജിയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് പങ്കെടുത്താൽ സിപിഐഎം യാത്രയുടെ ഭാഗമാകില്ല എന്ന് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമ ബംഗാളിൽ സഖ്യം ഇല്ലാതെ ഒറ്റയ്ക്ക് മത്സരിപ്പിക്കാനാണ് മമത ബാനർജിയുടെ തീരുമാനം. മമതയെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ ഉടൻ കോൺഗ്രസ് ആരംഭിക്കും.