തിരുവനന്തപുരം: മദ്യ ഉല്പാദകരുടെ ആവശ്യം അംഗീകരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. സംസ്ഥാനത്ത് നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനക്ക് അനുമതി നൽകാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്പാദകരുടെ ആവശ്യം. ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മർദ്ദം ശക്തമാക്കിയത്. കർണാടയിലും ആന്ധ്രയിലും റെഡി ടു ഡ്രിങ്ക് എന്ന രീതിയിൽ വീര്യം കുറഞ്ഞ മദ്യവില്‍പ്പന തുടങ്ങിയിരുന്നു. ഇത് സംസ്ഥാനത്തും തുടങ്ങണമെന്നാണ് മദ്യ ഉല്പാദകരുടെ ആവശ്യം. നിലവില്‍ കെയ്സിന് 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 251 ശതമാനമാണ് വിൽപ്പന നികുതി. 400 രൂപയ്ക്ക് താഴെയുള്ള മദ്യത്തിന് 245 ശതമാനം നികുതി. പലഘട്ടങ്ങളിൽ മദ്യവിലകൂട്ടിയതോടെ കെയ്സിന് 400 രൂപയിൽ കുറഞ്ഞ ബ്രാൻഡ് മദ്യം സംസ്ഥാനത്ത് ഇപ്പോൾ വളരെ കുറവാണ്.42.86 ശതമാനമാണ് സംസ്ഥാനത്ത് പുറത്തിറങ്ങുന്ന മദ്യത്തിലെ ആൽക്കഹോളിൻെറ അളവ്. ഇത് 20 ശതമാനമാക്കി കുറക്കുമ്പോള്‍ നികുതി ഇളവ് വേണമെന്നാണ് ആവശ്യം. വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാൽ വിൽപ്പനയും കൂടുമെന്നാണ് മദ്യ ഉൽപാദകരുടെവാദം. സ്ത്രീകള്‍, വിനോദ സഞ്ചാരികള്‍, ഐടി പാർക്കുകള്‍ എന്നിവിടങ്ങളിൽ കൂടുതലായി ഇത്തരം മദ്യം വാങ്ങുമെന്നാണ് മദ്യ ഉല്പാദകര് ചർച്ചകളിൽ പറയുന്നത്.