രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ് കാന്തല്ലൂരിന്

Kerala

തിരുവനന്തപുരം> ടൂറിസം ദിനത്തില്‍ കേരളത്തിന് പുരസ്കാരത്തിൻറെ പൊൻതിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്.കേന്ദ്ര ടൂറിസം വകുപ്പാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ടൂറിസം വളര്‍ച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പഞ്ചായത്തുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഗ്രീൻ സര്‍ക്യൂട്ട് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാര്‍ദ ടൂറിസം വില്ലേജില്‍ നടപ്പാക്കി. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ വച്ച്‌ കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീമതി. വിദ്യാവതി ഐ എ എസില്‍ നിന്നും കേരള
ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് ഐഎഎസ്, സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓര്‍ഡിനേറ്ററുമായ കെ രൂപേഷ് കുമാര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീമതി. വിദ്യാവതി ഐ എ എസില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ 8 മാസമായി നടന്ന വിവിധ തലങ്ങളിലെ പരിശോധനകള്‍ക്ക് ഒടുവിലാണ് പുരസ്കാരം ലഭിച്ചത്. രാജ്യത്തെ 767 വില്ലേജുകള്‍ മത്സരിച്ചതില്‍ നിന്നും 5 ഗ്രാമങ്ങള്‍ക്ക് ഗോള്‍ഡും 10 ഗ്രാമങ്ങള്‍ക്ക് സില്‍വറും 20 ഗ്രാമങ്ങള്‍ക്ക് ബ്രോണ്‍സും ലഭിച്ചു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ ഉത്തരവാദിത്ത ടൂറിസം മിഷൻ പെപ്പര്‍ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. അത് വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കാന്തല്ലൂരിനെ സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പദ്ധതിയുടെ ഭാഗമായി സ്പെഷല്‍ ടൂറിസം ഗ്രാമസഭകള്‍, ടൂറിസം റിസോര്‍സ് മാപ്പിംഗ്, ടൂറിസം ഡയറക്ടറി തയ്യാറാക്കല്‍, വിവിധ പ രിശീലനങ്ങള്‍, ചെറുകിട ഇടത്തരം സംരഭങ്ങള്‍ രൂപീകരണം രജിസ്ട്രേഷൻ എന്നിവ വിജയകരമായി നടപ്പാക്കി. കൃത്യമായ ആസൂത്രണത്തോടെ ഗ്രാമ പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് പദ്ധതി പ്രവര്‍ത്തനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *