കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും

Breaking Kerala

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).എസി മൊയ്തീന്‍, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന്‍ എന്നിവരെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഇതിനുമുന്നോടിയായി തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയ്ക്ക് ഇഡി നോട്ടീസയച്ചു. അടുത്ത ആഴ്ചതന്നെ ഹാജരാകാനാണ് നിര്‍ദേശം. വടക്കാഞ്ചേരി കൗണ്‍സിലര്‍ മധു അമ്ബലപ്പുരത്തെയും ഇഡി വിളിപ്പിക്കും. കൂടുതല്‍ ചോദ്യംചെയ്യലുകള്‍ക്കും വിശദാംശങ്ങള്‍ തേടിയതിനുംശേഷമായിരിക്കും എസി മൊയ്തീനെ വിളിപ്പിക്കുന്നതടക്കമുള്ള തുടര്‍നടപടികളിലേക്ക് ഇഡി കടക്കുക.

കേസില്‍ നേരത്തെ ഇഡി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷം ചില നടപടികള്‍ ഉണ്ടായെങ്കിലും പിന്നീട് ഇതില്‍ കാലതാമസം നേരിട്ടു. ആദ്യഘട്ട കുറ്റപത്രത്തിലെ പ്രതിപട്ടികയില്‍ അന്‍പത്തഞ്ചോളം പേരാണ് ഉണ്ടായിരുന്നത്. ഇഡിയുടെ ഇപ്പോഴത്തെ നീക്കത്തിലൂടെ കൂടുതല്‍ നേതാക്കളിലേക്ക് അന്വേഷണം നീളുന്നുവെന്നാണ് വ്യക്തമാകുന്നത്.

ബാങ്കിലെ കോടികള്‍ വരുന്ന നിക്ഷേപങ്ങള്‍ 2016-2018 കാലത്ത് അനധികൃത വായ്പ നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്തീന്‍ ഇതിനു കൂട്ടുനിന്നെന്നാണ് ആരോപണം. മുന്‍ സഹകരണരജിസ്ട്രാര്‍മാര്‍, കരുവന്നൂര്‍ തട്ടിപ്പിന്റെ പേരില്‍ സി.പി.എമ്മില്‍നിന്ന് പുറത്താക്കിയ ജില്ലാകമ്മിറ്റിയംഗം സി.കെ. ചന്ദ്രന്‍, പ്രധാന പ്രതികളായ ബാങ്ക് മുന്‍മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജില്‍സ്, പ്രധാനപ്രതിയായ മുന്‍ സെക്രട്ടറി സുനില്‍കുമാറിന്റെ അച്ഛന്‍ എന്നിവരും തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന് പങ്കുണ്ടെന്ന് മൊഴിനല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *