ബംഗ്ലാദേശില്‍ പാസഞ്ചര്‍ ട്രെയിനിന് അജ്ഞാതര്‍ തീവെച്ചു: നാല് പേര്‍ക്ക് ദാരുണാന്ത്യം

Breaking National

ധാക്ക: ബംഗ്ലാദേശില്‍ പാസഞ്ചര്‍ ട്രെയിനിന് അജ്ഞാതര്‍ തീവെച്ചു. സംഭവത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു.ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാറിന് പകരം ഇടക്കാല ഗവണ്‍മെന്റ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനിടെയാണ് ട്രെയിനിന് തീവെപ്പ് നടന്നത്.

മോഹന്‍ഗഞ്ച് എക്‌സ്പ്രസിനാണ് അക്രമികള്‍ തീയിട്ടത്. സംഭവം അട്ടിമറിയാണെന്ന് ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ ഹബീബുര്‍ റഹ്‌മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ കോച്ചുകളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ജനുവരി ഏഴിനാണ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ നിന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബിഎന്‍പി വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ 300 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കാനാണ് സാധ്യത. ഒക്ടോബര്‍ 28 ന് പ്രതിപക്ഷ റാലി അക്രമാസക്തമാവുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബിഎന്‍പിയുടെ ഉപരോധങ്ങളിലും പണിമുടക്കുകളിലും ട്രെയിനുകള്‍ നിരന്തരം ആക്രമണം നേരിടുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി നൂറുല്‍ ഇസ്ലാം സുജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമരത്തിന് പിന്നിലുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ധാക്കയിലേക്ക് പോകുകയായിരുന്ന മോഹന്‍ഗഞ്ച് എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ തേജ്ഗാവ് ഏരിയയില്‍ പുലര്‍ച്ചെ 5.04 ഓടെയാ് അഗ്‌നിക്കിരയായത്. ബംഗ്ലാദേശില്‍ ഒരുമാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിന്‍ തീവെപ്പ് സംഭവാണിത്. ആദ്യമായാണ് ഇത്രയും പേര്‍ കൊല്ലപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *