ബംഗളൂരുവില്‍ പടക്കകടയ്ക്ക് തീപിടിച്ച് 14 മരണം

Breaking

ബംഗളൂരു: ബംഗളൂരു-തമിഴ്നാട് അതിര്‍ത്തിയില്‍ അത്തിബെലെയിലെ പടക്കകടയ്ക്ക് തീപിടിച്ച്‌ 14 പേര്‍ മരിച്ചു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.12 പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു .രണ്ട് പേര്‍ ഇന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.നൂറോളം അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ രാത്രി വൈകിയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.വാഹനത്തില്‍ നിന്ന് പടക്ക പെട്ടികള്‍ ഇറക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. നവരാത്രിയും ദീപാവലിയും പ്രമാണിച്ച്‌ പടക്കങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. തീപിടുത്തത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു.

അപകടം നടക്കുമ്ബോള്‍ ഇരുപതോളം പേര്‍ സ്ഥലത്തുണ്ടായിരുന്നതായും മരിച്ചവരെ തിരിച്ചറിയാൻ ശ്രമം ആരംഭിച്ചതായും ബംഗളൂരു റൂറല്‍ എസ്പി മല്ലികാര്‍ജുന ബലഡൻഡി പറഞ്ഞു. തീപിടിത്തം ഉണ്ടാകുമ്ബോള്‍ ചില ജീവനക്കാര്‍ കടയ്ക്കുള്ളില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധര്‍മപുരി ജില്ലയിലെ അമ്മല്‍പേട്ട, തിരുപ്പത്തൂരിലെ വാണിയമ്ബാടി, തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലകളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെപ്പേരുമെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍ കടയുടമ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *