ഡൽഹി: ബിൽകിസ് ബാനു കേസിൽ കീഴടങ്ങാൻ കൂടുതൽ സാവകാശം തേടി പ്രതികളിലൊരാൾ സുപ്രീംകോടതിയെ സമീപിച്ചു. ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ നാലാഴ്ച സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് 11 പ്രതികളിലൊരാളായ ഗോവിന്ദഭായി നായി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്.ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കിയത്. പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, പ്രതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്നും വിധി പുറപ്പെടുവിച്ചിരുന്നു.എന്നാൽ സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിലാണ് 11 പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ബിൽകിസ് ബാനു കേസ്: കീഴടങ്ങാൻ നാലാഴ്ച സമയം വേണമെന്ന് പ്രതി; സുപ്രീംകോടതിയിൽ അപേക്ഷ
