ഒഡെപെക്കുമായി ചേര്‍ന്ന് നവീകരിച്ച് നടപ്പാക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള വിദേശ പഠന സ്‌കോളര്‍ഷിപ്പ് പദ്ധതി 4ന് രാവിലെ 11ന് അയ്യങ്കാളി ഹാളില്‍ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
വിദേശ പഠന സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷാ പ്രക്രിയകള്‍ എളുപ്പത്തിലാക്കാൻ ഓവര്‍സീസ് ഡെവലപ്‌മെന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കണ്‍സള്‍ട്ടൻസ് (ഒഡെപ്പെക്ക്) തയ്യാറാക്കിയ വെബ് സൈറ്റും ഉദ്ഘാടനം ചെയ്യും. അടുത്ത വര്‍ഷം മുതല്‍ വിദേശ പഠന സ്‌കോളര്‍ഷിപ്പ് ഇടനിലക്കാരെ ഒഴിവാക്കി ഒഡെപ്പെക്ക് മുഖേന മാത്രമാവും അനുവദിക്കുക.
വിദേശ രാജ്യങ്ങളിലേയ്‌ക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന പല സ്വകാര്യ ഏജൻസികളും അവരെ ചൂഷണം ചെയ്യുന്നതായി പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകള്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഏജൻസിയായ ഒഡെപ്പെക്ക് വഴി പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നിര്‍ദിഷ്ട വെബ്സൈറ്റില്‍ അപേക്ഷിക്കാം. അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി അര്‍ഹരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കും. അടുത്തവര്‍ഷം 310 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ബിരുദത്തിന് ചുരുങ്ങിയത് 55 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 35 വയസില്‍ താഴെയായിരിക്കണം. പട്ടികവര്‍ഗക്കാര്‍ക്ക് വരുമാന പരിധിയില്ല. 12 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബത്തില്‍ നിന്നുള്ള കുട്ടികള്‍ക്കാകും 25 ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് നല്‍കുക.
12 മുതല്‍ 20 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 15 ലക്ഷം രൂപ വരെ അനുവദിക്കും. ഒരു വിദ്യാര്‍ഥിക്ക് ഒരു കോഴ്‌സിന് മാത്രമാകും സ്‌കോളര്‍ഷിപ്പ്.